മലപ്പുറം : പൊന്നാനിയിൽ വീട്ടമ്മയെ പോലീസ് ഉദ്യോഗസ്ഥർ പീഡിപ്പിച്ചെന്ന പരാതി റദ്ദാക്കി ഹൈക്കോടതി. എഫ് ഐ ആർ രജിസ്റ്റർ ചെയ്യാൻ മജിസ്ട്രേറ്റ് കോടതി നൽകിയ ഉത്തരവാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദ് ചെയ്തത്. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ നിർദ്ദേശപ്രകാരം പോലീസ് ഉദ്യോഗസ്ഥർ എടുത്ത എഫ്ഐ ആറും റദ്ദാക്കിയിട്ടുണ്ട്.
ഡിവൈഎസ്പി വി വി ബെന്നി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി.
മലപ്പുറം മുൻ എസ്. പി സുജിത്ത് ദാസ്, താനൂർ മുൻ ഡിവൈഎസ്പി വി വി ബെന്നി, പൊന്നാനി മുൻ സി ഐ വിനോദ് എന്നിവർക്കെതിരെയായിരുന്നു പൊന്നാനിയിലെ യുവതി പീഡനാരോപണം ഉന്നയിച്ചത്.
പരാതിക്കാരി പണം വാങ്ങിയാണ് വ്യാജ ആരോപണം നടത്തിയതെന്നും. കേരളത്തിലെ പ്രധാനപ്പെട്ട മാധ്യമ സ്ഥാപനത്തിന്റെ ഉടമയുടെ മരം മുറിക്കേസ് അന്വേഷിക്കുന്ന തന്നെ മനപ്പൂർവ്വം കുരുക്കിയതാണെന്നും, പീഡന ആരോപണ കേസിൽ ചാനൽ അധികാരികൾക്കും പങ്കുണ്ടെന്നും കോടതിയിൽ സമർപ്പിച്ച ഹർജിയിൽ മൂട്ടിൽ മരം മുറി കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥൻ കൂടിയായ ഡിവൈഎസ്പി വി വി ബെന്നി ബോധിപ്പിച്ചിരുന്നു .