വയനാട്: ഉരുൾപൊട്ടൽ ദുരന്തബാധിത മേഖലയായ മേപ്പാടിയിൽ വിതരണം ചെയ്ത ഭക്ഷ്യ കിറ്റുകളിലെ ഭക്ഷ്യവസ്തുക്കൾ ഉപയോഗിച്ച കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റു.
രണ്ടു കുട്ടികളാണ് ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയത്. ഭക്ഷ്യ കിറ്റിലുണ്ടായിരുന്ന സോയാബീൻ കഴിച്ചാണ് കുട്ടികൾക്ക് ശാരീരികാസ്വസ്ഥത ഉണ്ടായതെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്.
കഴിഞ്ഞദിവസം മേപ്പാടി പഞ്ചായത്തിൽ നിന്ന് വിതരണം ചെയ്ത ഭക്ഷ്യ കിറ്റുകളിൽ ഉണ്ടായിരുന്ന അരി ഉൾപ്പെടെയുള്ള സാധനങ്ങൾ പുഴുവരിച്ച നിലയിലായിരുന്നു. ഓണക്കാലത്ത് സർക്കാർ നൽകിയ കിറ്റുകളാണ് വിതരണം ചെയ്തതെന്നാണ് പഞ്ചായത്ത് സെക്രട്ടറി പറയുന്നത്.
റവന്യൂ വകുപ്പിന്റെ നിർദ്ദേശപ്രകാരമാണ് ഇപ്പോൾ കിറ്റുകൾ വിതരണം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
രണ്ടുമാസം പഴകിയ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തപ്പോൾ ഫുഡ് ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നില്ല. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ മേപ്പാടിയിലെ ഓഡിറ്റോറിയത്തിൽ കൂട്ടിയിട്ട നിലയിലായിരുന്നു ഭക്ഷ്യവസ്തുക്കളിൽ ഏറെയും.
ദുരന്തത്തിൽ മരണപ്പെട്ടവരേക്കാൾ ദുരിതമാണ് ജീവിച്ചിരിക്കുന്നവർ നേരിടുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് വീടുകൾ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ സർക്കാർ പ്രഖ്യാപിച്ചിരുന്നുവെങ്കിലും, പഞ്ചായത്തിൽ നിന്നോ സർക്കാരിൽ നിന്നോ യാതൊരുവിധ ആനുകൂല്യങ്ങളും ലഭിക്കുന്നില്ലെന്നും പ്രദേശവാസികൾ അറിയിച്ചു.