പാലക്കാട് ഹോട്ടലിൽ വീണ്ടും പോലീസ് പരിശോധന ; പണം എത്തിയതായി സംശയം

പാലക്കാട്: കെപിഎം റീജൻസി ഹോട്ടലിൽ വീണ്ടും പരിശോധന.സിപിഎം ജില്ലാ സെക്രട്ടറി നൽകിയ പരാതിയെ തുടർന്നാണ് വീണ്ടും പരിശോധന പുനരാരംഭിച്ചത്.
പാലക്കാട് ടൗൺ സൗത്ത് സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്പെഷ്യൽ ബ്രാഞ്ചും ആണ് പരിശോധന നടത്തുന്നത്.
കഴിഞ്ഞദിവസം രാത്രി തമിഴ്നാട് രജിസ്ട്രേഷനിലുള്ള ഹോണ്ട സിറ്റി കാറിൽ എത്തിയ സംഘം നീല കളറിലുള്ള ട്രോളി ബാഗ് ഹോട്ടലിൽ എത്തിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങൾ. ട്രോളി ബാഗിൽ പണമായിരുന്നെന്നാണ് സിപിഎമ്മിന്റെ വാദം. ഈ വിവരം ലഭിച്ചതിനെ തുടർന്നാണ് കഴിഞ്ഞദിവസം രാത്രി ഹോട്ടലിൽ പരിശോധന നടത്തിയത്. എന്നാൽ പരിശോധനയിൽ അനധികൃതമായ പണമൊന്നും പോലീസിന് ലഭിച്ചിരുന്നില്ല.
കോൺഗ്രസ് വനിതാ നേതാക്കളുടെ മുറികളിൽ പോലീസ് നടത്തിയ പരിശോധന കോൺഗ്രസ് നേതാക്കൾ വിവാദമാക്കിയിരുന്നു.
പോലീസ് ഉദ്യോഗസ്ഥരും സൈബർ സെൽ വിദഗ്ധരും ഉൾപ്പെടെയുള്ള സംഘം ഹോട്ടലിൽ നിന്ന് സിസിടിവിയുടെ ഹാർഡ് ഡിസ്ക് പിടിച്ചെടുത്തിട്ടുണ്ട്. ഹാർഡ് ഡിസ്ക് പരിശോധിച്ചതിന് ശേഷമായിരിക്കും തുടർന്ന് നടപടികൾ സ്വീകരിക്കുകയെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.