വീട് മാറി മജിസ്ട്രേറ്റിന്റെ വീട്ടിൽ മോഷണം : പ്രതി പിടിയിൽ

കൊച്ചി: എറണാകുളത്ത് മജിസ്ട്രേറ്റിന്‍റെ വീട്ടിൽ മോഷണത്തിന് ശ്രമിച്ച കള്ളനെ ഒരാഴ്ചക്കുള്ളിൽ പിടികൂടി പൊലീസ്. എറണാകുളം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ജി. പത്മകുമാറിന്‍റെ വീട്ടിൽ മോഷണത്തിന് ശ്രമിച്ച മഹേഷാണ് പിടിയിലായത്.
ഇക്കഴിഞ്ഞ 27ആം തീയതി ഞായറാഴ്ചയാണ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ജി. പത്മകുമാറിന്റെ വീട്ടിൽ കവർച്ചാശ്രമം നടന്നത്.
പുല്ലുവഴിയിൽ എംസി റോഡിനോട് ചേർന്നുള്ള വീട്ടിലാണ് കള്ളൻ കയറിയത്. തൊട്ടടുത്തുള്ള ബന്ധുവീട്ടിലും മോഷണശ്രമം നടന്നു. രണ്ടിടത്തും ആൾതാമസമുണ്ടായിരുന്നില്ല. മജിസ്ട്രേറ്റ് പദ്മകുമാർ എറണാകുളത്തെ വീട്ടിലും, ബന്ധു കോട്ടയത്തെ വീട്ടിലുമായിരുന്നു താമസം. വീട്ടിലെ ജോലിക്കാരി തിങ്കളാഴ്ച എത്തിയപ്പോഴാണ് പിൻവാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടത്. എന്നാൽ രണ്ടിടത്ത് നിന്നും സാധനങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ല.

രണ്ട് വർഷം മുമ്പ് മജിസ്ട്രേറ്റിന്‍റെ വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ മോഷണം പോയിരുന്നു. ഈ കേസിൽ പ്രതിയെ പിടികൂടാനായില്ലെങ്കിലും ഇക്കുറി പൊലീസ് പറന്ന് നിന്നു. സമാനമായ കേസുകളിൽ ഉൾപെട്ട് അറസ്റ്റിലായി ഇപ്പോൾ ജയിൽ മോചിതരായി പുറത്തുള്ളവരെ കേന്ദ്രീരിച്ചായിരുന്നു അന്വേഷണം. അങ്ങനെയാണ് കുറുപ്പംപടി പൊലീസ് ചേർത്തല സ്വദേശിയായ മഹേഷിലേക്ക് എത്തിയത്. ആലുവയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.