പി പി ദിവ്യ യെ ചേർത്തുപിടിച്ച്  സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം

തൃശ്ശൂർ : എഡിഎമ്മിന്റെ ആത്മഹത്യയ്ക്ക് കാരണമായ വ്യാജ അഴിമതി പരാമർശം നടത്തിയ പി പി ദിവ്യയ്ക്ക് എതിരെ നടപടിയെടുക്കാതെ പാർട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം.
പി പി ദിവ്യ സമർപ്പിച്ച മുൻ‌കൂർ ജാമ്യ ഹർജിയിൽ കോടതി വിധി വന്നതിനുശേഷം തുടർനടപടി എടുത്താൽ മതിയെന്നാണ് സെക്രട്ടേറിയേറ്റ് തീരുമാനം.
അതേസമയം മുതിർന്ന നേതാവ് എൻ എൻ കൃഷ്ണദാസ് മാധ്യമപ്രവർത്തകർക്കെതിരെ നടത്തിയ പരാമർശത്തെ വിമർശിച്ച് സംസ്ഥാന സെക്രട്ടേറിയേറ്റ്. തിരഞ്ഞെടുപ്പ് സമയത്തെ ഇത്തരം പരാമർശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് അംഗങ്ങൾ യോഗത്തിൽ പറഞ്ഞു. മുതിർന്ന അംഗങ്ങൾ സംസാരത്തിൽ മിതത്വം പാലിക്കണമെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി.

കളക്ടറേറ്റിൽ നടന്ന യാത്രയയപ്പ് ചടങ്ങിനിടെ ക്ഷണിക്കാതെ എത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ നവീനെതിരെ അഴിമതി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.
കണ്ണൂർ ചെങ്ങളായിലെ പെട്രോൾ പമ്പിന് എൻ.ഒ.സി നൽകിയത് എങ്ങനെയാണെന്ന് തനിക്കറിയാമെന്നും രണ്ടുദിവസത്തിനകം രേഖകൾ പുറത്തുവിടുമെന്നും ദിവ്യ പറഞ്ഞു. ജീവിതത്തില്‍ സത്യസന്ധത പാലിക്കണം. കണ്ണൂരില്‍ നടത്തിയതുപോലെയാകരുത് ഇനി പോകുന്നിടത്തെന്നും പി.പി ദിവ്യ ചടങ്ങിൽ പറഞ്ഞു. നവീൻ ബാബുവിന് ഉപഹാരം നൽകുന്ന ചടങ്ങ് തനിക്ക് കാണാൻ താല്പര്യം ഇല്ലെന്ന് പറഞ്ഞ് വേദി വിടുകയാണ് ഉണ്ടായത്. തുടർന്നാണ് എഡിഎം നവീൻ ബാബു വിനെ വസതിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.