മാധ്യമപ്രവർത്തകരെ പട്ടികളോട് ഉപമിച്ചത് ബോധപൂർവ്വം :എൻ കൃഷ്ണദാസ്

പാലക്കാട് : മാധ്യമപ്രവർത്തകരെ ഇറച്ചിക്കടയ്ക്ക് മുന്നിലെ പട്ടികളോട് ഉപമിച്ചതിൽ ഖേദമില്ലെന്നും പ്രതികരിച്ചത് ബോധപൂർവ്വം തന്നെ ആണെന്നും എൻ.എൻ കൃഷ്ണദാസ്.
ഷുക്കൂറിന്റെ കാര്യത്തിൽ മാധ്യമപ്രവർത്തകർ കാണിച്ചത് ആ ഉപമയോട് തുല്യമായ പ്രവർത്തിയാണെന്ന് അദ്ദേഹം ആവർത്തിച്ചു . താൻ പറഞ്ഞത്  പാർട്ടിയുടെ അഭിപ്രായമല്ല, വ്യക്തിപരമായ അഭിപ്രായമാണെന്നും, എല്ലാ മാധ്യമപ്രവർത്തകരെയും ഉദ്ദേശിച്ചല്ല  പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവർത്തകരുടെ സംഘടനയായ  വർക്കിംഗ് ജേർണലിസ്റ്റ് യൂണിയന് പ്രതികരിക്കാൻ എല്ലാ അവകാശങ്ങളുമുണ്ട്. എന്നാൽ പ്രസ്താവന പിൻവലിക്കണമെന്ന ആവശ്യം നാലായി മടക്കി ചാലിൽ കളഞ്ഞാൽ മതിയെന്നും എൻ എൻ കൃഷ്ണദാസ് പറഞ്ഞു.

സി.പി.എം ജില്ലാ നേതൃത്വം അപമാനിക്കുകയും അവഗണിക്കുകയും ചെയ്തെന്ന് ആരോപിച്ച് പാലക്കാട് ഏരിയ കമ്മിറ്റിയംഗം അബ്ദുൽ ഷുക്കൂർ പാർട്ടി വിട്ട വാർത്തകൾ സംപ്രേഷണം ചെയ്തതാണ് എൻ എൻ കൃഷ്ണദാസിനെ ചൊടിപ്പിച്ചത്.