ആറ് വയസ്സുകാരിയെ പുലി ആക്രമിച്ചു കൊന്നു

തൃശ്ശൂർ : വാൽപ്പാറയിൽ ആറു വയസ്സുകാരിയെ പുലി ആക്രമിച്ചു കൊന്നു.
ജാർഖണ്ഡ് സ്വദേശികളുടെ മകൾ ആറു വയസ്സുള്ള അപ്സരയാണ് പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. തേയില തോട്ടം തൊഴിലാളികളാണ് അപ്സരയുടെ മാതാപിതാക്കൾ.
അമ്മയോടൊപ്പം തേയിലത്തോട്ടത്തിൽ നിൽക്കുകയായിരുന്ന കുഞ്ഞിനെയാണ് പുലി കടിച്ചെടുത്തു കൊണ്ടുപോയത്.
മാതാവിന്റെ ബഹളം കേട്ട് എത്തിയ പരിസരവാസികൾ അറിയിച്ചതിനെത്തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും പ്രദേശവാസികളും ചേർന്ന് നടത്തിയ പരിശോധനയിൽ കുട്ടിയുടെ ശരീരഭാഗങ്ങൾ കണ്ടെത്തി.
പ്രദേശത്ത് വന്യമൃഗങ്ങളുടെ ആക്രമണം പതിവാണെന്ന് പ്രദേശവാസികൾ പറഞ്ഞു.