പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിടികൂടി.

കൊല്ലം: ബാറിൽ അക്രമം കാട്ടി രക്ഷപ്പെടാൻ ശ്രമിക്കുകയും പിടികൂടുന്നതിനിടയിൽ പോലീസിനെ ആക്രമിക്കുകയും ചെയ്ത പ്രതിയെ ഇരവിപുരം എസ് എച്ച് ഒ രാജീവിന്റെ നേതൃത്വത്തിൽ പിടികൂടി.

കഴിഞ്ഞ ദിവസം ഇരവിപുരത്ത് പ്രവർത്തിക്കുന്ന ബാറിൽ അതിക്രമം കാട്ടുകയും പിന്നീട് ഇരവിപുരം ജോളി ജംഗ്ഷൻ സമീപം എത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും  പിടികൂടാനായി എത്തിയ പോലീസ് ഉദ്യോഗസ്ഥനെ മർദ്ദിക്കുകയും, ചീത്തവിളിക്കുകയും ചെയ്ത പ്രതിയെ പോലീസ്  പിടികൂടി. കൂട്ടിക്കട അർബൻ ബാങ്കിന് സമീപം താഴത്തുച്ചേരിയിൽ മിറാഷ് മൻസിലിൽ മിറാഷിനെയാണ് ഇരവിപുരം പോലീസ് പിടികൂടിയത്.
മിറാഷ് കൊലപാതകമടക്കം ഏഴോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്. രണ്ടുതവണ കാപ്പ ചുമത്തി കരുതൽ തടവിൽ ശിക്ഷ അനുഭവിച്ച ആളാണ്.
കസ്റ്റഡിയിൽ എടുക്കാൻ ശ്രമിച്ചപ്പോഴാണ് ഉദ്യോഗസ്ഥനെ തെറിവിളിച്ചുകൊണ്ട് യൂണിഫോമിൽ കടന്നുപിടിച്ച് വലിച്ചു താഴെയിട്ടു മർദ്ദിക്കാൻ ശ്രമിച്ചത്.ഉടൻതന്നെ കൂടുതൽ പോലീസ് എത്തി ഇയാളെ  പിടികൂടുകയായിരുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ്ചെയ്തു.