കൊച്ചി : കടവന്ത്രയിൽ നിന്ന് കാണാതായ സുഭദ്ര (78)യെ കൊന്നു കുഴിച്ചുമൂടിയതായി സംശയം. കാണാതായ വയോധികയുടെ സുഹൃത്തിന്റെ വീട്ടുവളപ്പിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ മാസം നാലാം തീയതിയാണ് സുഭദ്രയെ കാണാതായത്. മാതാവിനെ
കാണാനില്ലെന്ന് കാട്ടി മകൻ കടവന്ത്ര പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന്
പോലീസ് പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ച് പരിശോധന നടത്തി വരവേയാണ് സുഹൃത്തായ ശർമിളയോടൊപ്പം സുഭദ്ര പോകുന്ന ദൃശ്യങ്ങൾ കണ്ടെത്തിയത് .
സുഹൃത്തായ ശർമിളയോടൊപ്പം ദേവാലയങ്ങളിൽ പോകാറുള്ളതായും, രണ്ടുമൂന്നു ദിവസം കഴിഞ്ഞാണ് തിരികെ വരാറുള്ളതെന്നും മകനും സമീപവാസികളും പോലീസിന് മൊഴി നൽകിയിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലും സമീപവാസികളുടെ മൊഴിയുടെ അടിസ്ഥാനത്തിലും ശർമിളയെയും മാത്യൂസിനെയും മൊഴിയെടുക്കാൻ പോലീസ് വിളിപ്പിച്ചെങ്കിലും എത്താൻ കൂട്ടാക്കാതിരുന്നത് സംശയത്തിന് ഇടയാക്കി. തുടർന്ന് പോലീസ് ശർമിളയുടെ വീട്ടിലെത്തിയപ്പോൾ വീട് പൂട്ടിയിട്ട നിലയിൽ ആയിരുന്നു .
മൂന്നു ദിവസത്തിനു മുമ്പ് മാത്യൂസ് വീട്ടുവളപ്പിൽ കുഴിയെടുക്കുന്നത് കണ്ടിരുന്നതായി സമീപവാസികൾ പോലീസ് ഉദ്യോഗസ്ഥരോട് പറയുകയും , കുഴിയെടുത്ത സ്ഥലം കാണിച്ചു കൊടുക്കുകയും ചെയ്തു.
സംശയം തോന്നിയ പോലീസ് ഉദ്യോഗസ്ഥർ പോലീസ് നായയെ എത്തിച്ച് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മൂന്നടി മാത്രം താഴ്ചയുള്ള കുഴിയിൽ ചരിച്ച് കിടത്തിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത് .
കടവന്ത്രയിൽ താമസിച്ചുവന്നിരുന്ന ഷാർമിള വിവാഹശേഷം ഭർത്താവിനൊപ്പം ആലപ്പുഴ കലവൂരിലാണ് താമസം.
സുഭദ്ര ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ മൃതദേഹത്തിൽ നിന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.സ്വർണാഭരണങ്ങൾ കൈക്കലാക്കുന്നതിനായി സുഹൃത്തുക്കൾ കൊലപ്പെടുത്തിയതായാണ് ലഭ്യമായ വിവരം. പണമിടപാട് നടത്തിവന്ന സുഭദ്ര പ്രദേശത്തെ നിരവധി പേർക്ക് പണം നൽകിയിരുന്നതായും അയൽവാസികൾ പറഞ്ഞു.