സുജിത്ത് ദാസിനെതിരെ ഗുരുതര ആരോപണവുമായി മലപ്പുറം സ്വദേശി

മലപ്പുറം : എസ്.പി സുജിത്ത് ദാസിനെതിരെ ഗുരുതര ആരോപണവുമായി ആത്മഹത്യ ചെയ്ത എ.എസ്.ഐയുടെ സുഹൃത്ത് രംഗത്ത്.
2021 ജൂൺ 10ന് ആത്മഹത്യ ചെയ്ത ഇടവണ്ണ പോലീസ് സ്റ്റേഷനിലെ എ. എസ്.ഐ ശ്രീകുമാറിന്റെ സുഹൃത്ത് നാസർ ആണ് രംഗത്തെത്തിയത്.

തന്റെ സുഹൃത്തിനെ എസ്.പി മാനസികമായി പീഡിപ്പിച്ചിരുന്നു. പ്രതികളെ അകാരണമായി മർദ്ദിച്ച് കുറ്റം ഏറ്റെടുപ്പിക്കാൻ ശ്രമിക്കണമെന്ന മേലുദ്യോഗസ്ഥരുടെ നിരന്തരമായ നിർദ്ദേശങ്ങൾ നടപ്പാക്കാത്തതിനാൽ തുടർച്ചയായി ട്രാൻസ്ഫർ ചെയ്തു.അവധികൾ അകാരണമായി നിഷേധിച്ചു. തുടർച്ചയായുള്ള സ്ഥലമാറ്റങ്ങളിൽ കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങുന്ന അവസ്ഥയുണ്ടായി.എസ്.പിയുടെ ആവശ്യങ്ങൾക്ക് വഴങ്ങാത്തതിനാൽ ശ്രീകുമാറിന്റെ ഔദ്യോഗിക ജീവിതം ദുസഹമാക്കുന്ന രീതിയിലായിരുന്നു മേലുദ്യോഗസ്ഥരുടെ നടപടികൾ.

ആത്മഹത്യക്ക് ശേഷം ശ്രീകുമാറിന്റെ വീട്ടിലെത്തിയ പോലീസ് ഉദ്യോഗസ്ഥർ ഡയറി കുറുപ്പിലെ പ്രധാനപ്പെട്ട പേജുകൾ കീറിക്കൊണ്ട് പോയതായും അദ്ദേഹം പറഞ്ഞു. ഡയറിയിലെ പേജുകൾ കീറിക്കൊണ്ട് പോയതിനു താൻ ദൃക്സാക്ഷിയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. നിലവിലെ മലപ്പുറം എസ്.പി ഔദ്യോഗിക സ്ഥാനത്ത് തുടർന്നാൽ കേസന്വേഷണങ്ങളിൽ യാതൊരുവിധ പുരോഗതിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലന്നും അദ്ദേഹം പറഞ്ഞു.

എഡിജിപി അജിത്കുമാർ,പത്തനംതിട്ട മുൻ എസ്പി സുജിത്ത് ദാസ് എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പി വി അൻവർ എംഎൽഎ യാണ് ആദ്യം രംഗത്തെത്തിയത്.

സുജിത്ത് ദാസ് മലപ്പുറം എസ്പി ആയിരുന്ന സമയത്ത് ഔദ്യോഗിക വസതിയിലെ തേക്ക് മരം മുറിച്ചു കടത്തിയതിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പി വി അൻവർ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ഇട്ടതിനെ തുടർന്ന് സുജിത്ത് ദാസ് അൻവറിനെ ഫോണിൽ വിളിച്ച് പോസ്റ്റ് പിൻവലിക്കണമെന്ന് അഭ്യർത്ഥിക്കുകയും, പരാതിയിൽ നിന്ന് പിന്മാറിയാൽ താൻ വിനീതവിധേയനായി ഒപ്പം നിന്നു കൊള്ളാമെന്നും പറയുന്ന വോയിസ് ക്ലിപ്പ് പി വി അൻവർ എംഎൽഎ പുറത്തുവിട്ടിരുന്നു.