ഹേമ കമ്മിറ്റിയെ സ്വാഗതം ചെയ്ത് അമ്മ; കാസ്റ്റിംഗ് കൗച്ച് സിനിമ മേഖലയിൽ ഇല്ല: ജനറൽ സെക്രട്ടറി സിദ്ദീഖ്

കൊച്ചി : ഹേമ കമ്മറ്റി റിപ്പോർട്ട് സ്വാഗതം ചെയ്ത് അമ്മ സംഘടന. സ്ത്രീകളുടെ പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാനുള്ള സംവിധാനങ്ങൾ ലൊക്കേഷനിൽ ഇല്ല എന്നുള്ളതിൽ ഇടപെടാൻ ചലച്ചിത്ര പ്രവർത്തകരുടെ സംഘടനയായ അമ്മ യ്ക്ക്  പരിമിതികൾ ഉണ്ടെന്ന് ജനറൽ സെക്രട്ടറി സിദ്ദീഖ്. അമ്മ യുടെ ജനറൽ സെക്രട്ടറി വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സംഘടനയിലോ സിനിമാലോകത്തോ പവർ ഗ്രൂപ്പ് ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. കാസ്റ്റിംഗ് കൗച്ച് നടന്നതായി നടിമാരാരും ഇതുവരെ പരാതി പറഞ്ഞിട്ടില്ല. പരാതി ലഭിച്ചിരുന്നെങ്കിൽ ഉടൻ നടപടിയെടുക്കുമായിരുന്നു എന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഹേമ റിപ്പോർട്ടിന്റെ പേരിൽ എല്ലാവരെയും പുക മറയിൽ നിർത്തുന്ന സമീപനം മാധ്യമപ്രവർത്തകരുടെ ഭാഗത്തു നിന്നുണ്ടാകരുത്.റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാറ്റങ്ങൾ കൊണ്ടുവരേണ്ടത് സർക്കാർ ആണ്.
സർക്കാർ തീരുമാനിക്കുന്ന കാര്യങ്ങൾ നടപ്പിലാക്കാൻ സിനിമ സംഘടനകൾക്ക് ബാധ്യതയുണ്ട്. നടിമാർ നൽകിയ പരാതികൾ പരിശോധിച്ചു വേണ്ട നടപടികൾ സ്വീകരിക്കും. നൽകിയ പരാതികൾ തീർപ്പാക്കിയിട്ടില്ലെങ്കിൽ അത് സംഭവിക്കാൻ പാടില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

സിനിമയിൽ സ്ത്രീകളുടെ പരാതികൾ പരിഹരിക്കാനായി ഐസിസി സംവിധാനം ഒരുക്കേണ്ടത് നിർമിതാക്കളുടെ സംഘടനയാണ്.
ഇടവേള ബാബുവിനെതിരെ നടി ഉയർത്തിയ ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാനായി ബാബുവിനെ വിളിച്ചിട്ട് കിട്ടിയില്ല എന്നും സിദ്ദീഖ് പറഞ്ഞു.

സിനിമയിൽ കാസ്റ്റിംഗ് കൗച്ച് ഉള്ളതായി തനിക്ക് അറിയില്ലെന്നും തനിക്ക് അങ്ങനെയുള്ള അനുഭവം നേരിടേണ്ടി വന്നിട്ടി ല്ലെന്നും അമ്മ എക്സിക്യൂട്ടീവ് അംഗം ജോമോൾ പറഞ്ഞു.
അമ്മ ജനറൽ സെക്രട്ടറി സിദ്ദീഖ് കമ്മറ്റി അംഗങ്ങളായ ജോമോൾ, ജയൻ ചേർത്തല തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.