ഇടുക്കി : ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങവേ എഞ്ചിനീയറും ഏജന്റും വിജിലൻസ് പിടിയിൽ.
തൊടുപുഴ മുനിസിപ്പാലിറ്റി അസി.എഞ്ചിനീയർ സി.റ്റി അജിയും ഏജന്റ് റോഷനുമാണ് എയ്ഡഡ് സ്കൂൾ കെട്ടിടത്തിന് ഫിറ്റ്നസ് നൽകുന്നതിന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങവേ വിജിലൻസ് പിടിയിലായത്.
തൊടുപുഴ ബി.റ്റി.എം. എൽ.പി സ്കൂളിന് വേണ്ടി പുതിയതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഫിറ്റ്നെസ് സർട്ടിഫിക്കറ്റിനായി സ്കൂൾ മാനേജർ തൊടുപുഴ മുനിസിപ്പാലിറ്റിയിൽ കഴിഞ്ഞ മാസം അപേക്ഷ സമർപ്പിച്ചിരുന്നു. ഈ ആവശ്യത്തിനായി ഓരോ പ്രാവശ്യം ഓഫീസിൽ ചെല്ലുമ്പോഴും പല കാര്യങ്ങൾ ശരിയാക്കാനുണ്ടെന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു. ഇന്നലെ മാനേജർ ഫോൺ മുഖാന്തിരം അജിയെ ബന്ധപ്പെട്ടപ്പോൾ ഒരു ലക്ഷം രൂപ കൈക്കൂലിയുമായി ഓഫീസിലെത്താൻ ആവശ്യപ്പെട്ടു. മാനേജർ സ്ഥലത്തില്ലായെന്ന് അറിയിച്ചപ്പോൾ ആരുടെയെങ്കിലും കൈവശം പണം കൊടുത്തു വിട്ടാൽ മതിയെന്നും അറിയിച്ചു. തുടർന്ന് ഈ വിവരം വിജിലൻസിൽ അറിയിക്കുകയായിരുന്നു. വിജിലൻസ് കിഴക്കൻ മേഖല പോലീസ് സൂപ്രണ്ട് ബിജോ അലക്സാണ്ടറിന്റെ നിർദ്ദേശ പ്രകാരം ഇടുക്കി വിജിലൻസ് യൂണിറ്റ് ഡി.വൈ.എസ്.പി ഷാജു ജോസിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘമാണ് കൈക്കൂലിയുമായി അജിയെയും ഏജന്റെയും അറസ്റ്റ് ചെയ്തത്.