കോഴിക്കോട് : ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ ആക്ഷേപഹാസ്യ പോസ്റ്റുമായി ശ്രീജിത്ത് പണിക്കർ.
കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളോട് സംസാരിക്കവെ സുരേന്ദ്രൻ ശ്രീജിത്തിന്റെ പേരെടുത്ത് പറഞ്ഞ് വിമർശിച്ചിരുന്നു.
സുരേഷ് ഗോപികയെ പരാജയപ്പെടുത്താൻ ബിജെപി സംസ്ഥാന നേതൃത്വം ശ്രമിക്കുന്നുവെന്ന ശ്രീജിത്ത് പണിക്കരുടെ പരാമർശത്തിനെതിരെ ആയിരുന്നു സുരേന്ദ്രന്റെ വിമർശനം.
തുടർന്നായിരുന്നു ശ്രീജിത്ത് പണിക്കർ സുരേന്ദ്രനെതിരെ പരിഹാസ രൂപേണ പോസ്റ്റിട്ടത്.
കുറിപ്പിന്റെ പൂർണരൂപം–
”പ്രിയപ്പെട്ട ഗണപതിവട്ടജി,
നിങ്ങള്‍ക്കെന്നോട് നല്ല കലിപ്പുണ്ടാകും. മകന്റെ കള്ളനിയമനം, തിരഞ്ഞെടുപ്പ് കാലത്തെ കുഴല്‍പ്പണം, തുപ്പല്‍ വിവാദം, സ്ഥലപ്പേര് വിവാദം ഇതിലൊക്കെ നിങ്ങളെ തള്ളിപ്പറഞ്ഞതില്‍ നിങ്ങള്‍ക്ക് നല്ല കലിപ്പുണ്ടാകും. സ്വാഭാവികം.
സ്വന്തം അധ്വാനത്തിന്റെ ബലത്തില്‍ സുരേഷ് ഗോപി തൃശൂരില്‍ ജയിച്ചപ്പോള്‍ അതില്‍ പ്രത്യേകിച്ചൊരു പങ്കുമില്ലാത്ത നിങ്ങള്‍ എന്തിനാണ് എന്നോട് എട്ടുകാലി മമ്മൂഞ്ഞ് കളിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല.
സുരേഷ് ഗോപി തന്റെ മണ്ഡലത്തില്‍ നടത്തിയ ഇടപെടലുകള്‍, നേരിട്ട ആരോപണങ്ങളിലെ പൊള്ളത്തരങ്ങള്‍ ഇതേക്കുറിച്ചൊക്കെ ഞാൻ ചർച്ചകളില്‍ പറഞ്ഞതിന്റെ പത്തിലൊന്ന് നിങ്ങള്‍ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ?
അനാവശ്യമായ ഒരു സ്ഥലനാമ വിവാദം കുത്തിപ്പൊക്കി, മറ്റ് സ്ഥാനാർഥികളുടെ കൂടി സാധ്യതകളെ അട്ടിമറിക്കാനാണ് നിങ്ങള്‍ ശ്രമിച്ചത്. അല്ലെങ്കില്‍ ഒരു എംപിക്ക് എങ്ങനെ ഒരു സ്ഥലത്തെ പുനർനാമകരണം ചെയ്യാൻ കഴിയുമെന്ന എന്റെ ചോദ്യത്തിന് മറുപടി പറയൂ. കഴിഞ്ഞതവണ സാധ്യതകള്‍ ഇല്ലാതാക്കാൻ “മൂന്ന് ഡസൻ സീറ്റ്” എന്നതായിരുന്നു നിങ്ങളുടെ അവകാശവാദം.
പാർട്ടിയില്‍ വരൂ പദവി തരാം, ഒപ്പം നില്‍ക്കൂ സീറ്റ് തരാം എന്നൊക്കെ പറഞ്ഞപ്പോള്‍ പണിക്കർ കള്ളപ്പണിക്കർ ആണെന്ന് അങ്ങേയ്ക്ക് തോന്നിയില്ലേ ആവോ? രണ്ടും നിഷേധിച്ചത് എന്റെ നിലപാട്. നിങ്ങളെയൊക്കെ മനസ്സിലാക്കാൻ രണ്ടാമതൊന്ന് നോക്കേണ്ടതില്ലല്ലോ.
മനുഷ്യരെ വെറുപ്പിക്കുന്ന കുത്തിത്തിരിപ്പ് മാറ്റിവച്ച് അവർക്ക് ഗുണമുള്ള കാര്യങ്ങള്‍ ചെയ്താല്‍ സുരേഷ് ഗോപിക്ക് കിട്ടിയ സ്വീകാര്യത നിങ്ങള്‍ക്കും കിട്ടും. അല്ലെങ്കില്‍ പതിവുപോലെ കെട്ടിവച്ച കാശു പോകും.
ഒരു കാര്യത്തില്‍ നന്ദിയുണ്ട്. സോഷ്യല്‍ മീഡിയയില്‍ ചിലർ എനിക്ക് ചാർത്തിത്തന്ന ആ ചാപ്പ നിങ്ങളായിട്ട് തിരുത്തിയല്ലോ. സന്തോഷം!