കൈക്കൂലി കേസിൽ പൊതുമരാമത്ത് ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ

കൊച്ചി : പൊതുമരാമത്ത് ജൂനിയർ സൂപ്രണ്ട് വിജിലൻസ് പിടിയിൽ.എറണാകുളം പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ഓഫീസിലെ ജൂനിയർ സൂപ്രണ്ടായ എം എസ് രതീഷ് ആണ് 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ വിജിലൻസിന്റെ പിടിയിലായത് .


എറണാകുളം പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ടെണ്ടർ ചെയ്ത ഇടപ്പള്ളി മാർക്കറ്റ് നവീകരണത്തിന്റെ ജോലികൾ ഏറ്റെടുത്ത പരാതിക്കാരനായ കരാറുകാരൻ പണിപൂർത്തീകരിച്ച ശേഷം അഞ്ചാമത്തെ ഇടക്കാല ബില്ലായ 21,85,455 രൂപയുടെ ബില്ല് മാറുന്നതിനായി എക്സിക്യൂട്ടീവ് എഞ്ചിനീയറിന് നൽകി . മാസങ്ങൾ കഴിഞ്ഞിട്ടും ബില്ല് മാറാത്തതിനെ തുടർന്ന് ഇന്നലെ ബില്ല് മാറിയോ എന്നറിയുന്നതിനായി ഓഫീസിലെത്തിയപ്പോൾ ജൂനിയർ സൂപ്രണ്ടായ രതീഷ് കഴിഞ്ഞ ബില്ല് മാറിയപ്പോൾ എന്നെ കണ്ടില്ലല്ലോ എന്നും രണ്ട് ബില്ലുകളും ചേർത്ത് മാറി നൽകുന്നതിന് 5,000 രൂപ കൈക്കൂലി നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് പരാതിക്കാരൻ ഈവിവരം വിജിലൻസ് മധ്യമേഖല പോലീസ് സൂപ്രണ്ട് ജി. ഹിമേന്ദ്രനാഥ് ഐ.പി.എസ് നെ അറിയിക്കുകയും അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം വിജിലൻസ് എറണാകുളം യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ശ്രീ. സി.ജെ മാർട്ടിന്റെനേതൃത്വത്തിലുള്ള വിജിലൻസ് സംഘം. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് 03:00 മണിയോടെ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ വച്ച് പരാതിക്കാരനിൽ നിന്നും 5,000 രൂപ കൈക്കൂലി വാങ്ങവെ ജൂനിയർ സൂപ്രണ്ടായ രതീഷ്. എം.എസ് നെ കൈയോടെ പിടികൂടുകയാണുണ്ടായത്.