എസ് എസ് എൽ സി ഫലപ്രഖ്യാപനം നാളെ; ഈ വെബ്സൈറ്റുകളിൽ നിന്ന് റിസൾറ്റ് അറിയാം

തിരുവനന്തപുരം : എസ്.എസ്.എൽ.സി ഫലപ്രഖ്യാപനം മെയ് 8 ന് 3.00 മണിക്ക് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി നിർവഹിക്കും . കഴിഞ്ഞ വർഷം മെയ് 19 നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇത്തവണ പതിനൊന്ന് ദിവസം മുമ്പ് തന്നെ ഫലപ്രഖ്യാപനം നടത്തുകയാണ്. ഇക്കൊല്ലം എസ്.എസ്.എൽ.സി. പരീക്ഷ എഴുതിയത് ആകെ നാല് ലക്ഷത്തി ഇരുപത്തി ഏഴായിരത്തി ഒരുന്നൂറ്റി അഞ്ച് (4,27,105) വിദ്യാർത്ഥികളാണ്. ഇതിൽ രണ്ട് ലക്ഷത്തി പതിനേഴായിരത്തി അഞ്ഞൂറ്റി ഇരുപത്തിയഞ്ച് (2,17,525) ആൺകുട്ടികളും രണ്ട് ലക്ഷത്തി ഒമ്പതിനായിരത്തി അഞ്ഞൂറ്റി എൺപത് (2,09,580) പെൺകുട്ടികളും ഉൾപ്പെടുന്നു.

സംസ്ഥാനത്തൊട്ടാകെ എഴുപത് ക്യാമ്പുകളിലായി പതിനായിരത്തി എണ്ണൂറ്റി അറുപത്തി മൂന്ന് (10,863) അധ്യാപകർ മൂല്യനിർണ്ണയ ക്യാമ്പിൽ പങ്കെടുത്തു. ഏപ്രിൽ 3 മുതൽ 20 വരെ പതിനാല് ദിവസങ്ങളിലായി മൂല്യനിർണ്ണയം പൂർത്തിയാക്കി. ടാബുലേഷൻ, ഗ്രേസ് മാർക്ക് എൻട്രി, എന്നിവ പരീക്ഷാ ഭവനിൽ പൂർത്തിയാക്കി ഫലപ്രഖ്യാപനത്തിന് തയ്യാറായിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ഈ അക്കാദമിക വർഷത്തെ രണ്ടാം വർഷ ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനം മെയ് 9 വ്യാഴാഴ്ച നടത്തും. കഴിഞ്ഞ വർഷം മെയ് 25 നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഈ വർഷം മെയ് 10 നകം തന്നെ ഫലപ്രഖ്യാപനം നടത്താനായത്  കൃത്യമായ ആസൂത്രണത്തിന്റെയും  നിർവഹണത്തിന്റെയും ഫലമായാണ്.

ആകെ നാല് ലക്ഷത്തി നാൽപത്തിയൊന്നായിരത്തി ഒരുന്നൂറ്റി ഇരുപത് (4,41,120) വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. ഇതിൽ രണ്ട് ലക്ഷത്തി ഇരുപത്തി മൂവായിരത്തി എഴുന്നൂറ്റി മുപ്പത്തിയാറ് (2,23,736) ആൺകുട്ടികളും രണ്ട് ലക്ഷത്തി പതിനേഴായിരത്തി മുന്നൂറ്റി എൺപത്തി നാല് (2,17,384)  പെൺകുട്ടികളും ഉൾപ്പെടുന്നു.

ഏപ്രിൽ 3 മുതൽ 24-ാം തീയതി വരെയാണ് മൂല്യനിർണ്ണയം നടന്നത്. പ്ലസ് വൺ, പ്ലസ് ടു പരീക്ഷാ മൂല്യനിർണ്ണയത്തിൽ മൊത്തം എഴുപത്തി ഏഴ് ക്യാമ്പുകളിലായി ഇരുപത്തി അയ്യായിരത്തോളം അധ്യാപകർ പങ്കെടുത്തതായും മന്ത്രി പറഞ്ഞു.

വൊക്കേഷണൽ ഹയർ സെക്കണ്ടറി റഗുലർ വിഭാഗത്തിൽ ഇരുപത്തി ഏഴായിരത്തി എഴുന്നൂറ്റി തൊണ്ണൂറ്റിയെട്ട് (27,798) പ്രൈവറ്റ് വിഭാഗത്തിൽ ആയിരത്തി അഞ്ഞൂറ്റി രണ്ട് (1,502) ഉൾപ്പെടെ ആകെ ഇരുപത്തിയൊമ്പതിനായിരത്തി മുന്നൂറ് (29,300) പേരാണ് രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. ഇതിൽ പതിനെട്ടായിരത്തി ഇരുന്നൂറ്റി തൊണ്ണൂറ്റി ഏഴ് (18,297) ആൺകുട്ടികളും പതിനൊന്നായിരത്തി മൂന്ന് (11,003) പെൺകുട്ടികളും ഉൾപ്പെടുന്നു. എട്ട് ക്യാമ്പുകളിലായി രണ്ടായിരത്തി ഇരുന്നൂറോളം അധ്യാപകർ മൂല്യനിർണ്ണയ ക്യാമ്പിൽ പങ്കെടുത്തതായും മന്ത്രി അറിയിച്ചു.

എസ്എസ്എൽസി പരീക്ഷാ ഫലം

www.prd.kerala.gov.in,

www.result.kerala.gov.in,

www.examresults.kerala.gov.in,

https://sslcexam.kerala.gov.in,

www.results.kite.kerala.gov.in,

https://pareekshabhavan.kerala.gov.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും.