തൃശൂർ : സെക്യൂരിറ്റി ജീവനക്കാർ മരിച്ച നിലയിൽ. വെള്ളാനിക്കരയിൽ സഹകരണ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളാനിക്കര സ്വദേശികളായ അരവിന്ദാക്ഷൻ, ആന്‍റണി എന്നിവരാണ് മരിച്ചത്. വെള്ളാനിക്കര കാർഷിക സർവകലാശാല ക്യാമ്പസിനകത്ത് പ്രവർത്തിക്കുന്ന വെള്ളാനിക്കര സഹകരണ ബാങ്ക് ശാഖയ്ക്ക് സമീപത്താണ് സംഭവം.
ആന്‍റണിയെ തലയ്ക്ക് പരിക്കേറ്റ് രക്തം വാർന്ന് മരിച്ച നിലയിൽ പായയിലും, അരവിന്ദാക്ഷനെ ബാങ്കിന് സമീപത്തുള്ള കാനയിൽ വിഷം കഴിച്ച നിലയിലുമാണ് കണ്ടെത്തിയത്. ആന്റണിയെ തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം അരവിന്ദാക്ഷൻ വിഷം കഴിച്ചു മരിച്ചു എന്നാണ് പ്രാഥമിക നിഗമനം.
ആറുമാസം മുമ്പാണ് ആന്റണി സെക്യൂരിറ്റി ജീവനക്കാരനായി എത്തിയത്. ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ആന്റണിയും അരവിന്ദാക്ഷനും തമ്മിൽ തർക്കം നിലനിന്നിരുന്നതായി അധികൃതർ പറഞ്ഞു.
സംഭവത്തിന്റെ ദുരൂഹത പരിശോധിക്കുന്നതിനായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്.
അതേസമയം പുറത്തുനിന്നുള്ള ഇടപെടലുകൾ ഉള്ളതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് മന്ത്രി ആർ രാജൻ പറഞ്ഞു. ഇരട്ട മരണങ്ങളെ കുറിച്ച് അന്വേഷിക്കുവാൻ പ്രത്യേക അന്വേഷണ സംഘത്തെ വേണമെങ്കിൽ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.