കൊച്ചി: വേണാട് എക്സ്പ്രസ്സ് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ സ്റ്റോപ്പ് ഒഴിവാക്കാനുള്ള ശ്രമം അംഗീകരിക്കാൻ ആകില്ലെന്ന് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓൺ റെയിൽസ്.
തിരുവനന്തപുരം മുതൽ എറണാകുളം ജംക്‌ഷൻ വരെ ഓഫീസ് സമയം പാലിക്കുന്ന ഏക ട്രെയിനാണ് വേണാട് എക്സ്പ്രസ്. ആയിരക്കണക്കിന് സ്ഥിരം യാത്രക്കാർ ആശ്രയിക്കുന്ന ട്രെയിനാണ് വേണാട് എക്സ്പ്രസ്. ബദൽ മാർഗമൊരുക്കാതെ എറണാകുളം ജംക്‌ഷനിലെ (സൗത്ത്) സ്റ്റോപ്പ് ഒഴിവാക്കിയാൽ വലിയ പ്രതിഷേധത്തിനു കാരണമാകുമെന്ന് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓൺ റെയിൽസ് ചൂണ്ടിക്കാട്ടുന്നു.
സർവീസ് തുടങ്ങിയ കാലം മുതൽ എറണാകുളം ജംക്‌ഷനിൽ എത്തിയിരുന്ന വേണാട് എക്സ്പ്രസ് ഇവിടെ കയറാതെ നോർത്ത് വഴി ബൈപാസ് ചെയ്യാനുള്ള ചർച്ചകൾ പുരോഗമിക്കുമ്പോൾ, യാത്രക്കാർ നേരിടാൻ പോകുന്ന പ്രതിസന്ധികൾ കൂടി റെയിൽവേ പരിഗണിക്കണമെന്നാണ് ആവശ്യമുയരുന്നത്.