കോട്ടയം : കാഞ്ഞിരപ്പള്ളിയിൽ പഞ്ചായത്ത് ലിങ്ക് റോഡിന് സ്വകാര്യ വ്യക്തിയുടെ കുടുംബ പേര് നൽകി ഉദ്ഘാടനം ചെയ്യാൻ മെമ്പറുടെ ശ്രമം.
എട്ട് വർഷങ്ങൾക്ക് മുൻപ് അന്നത്തെ പ്രസിഡന്റും വാർഡ് മെമ്പറുമായിരുന്ന ഷക്കീല നസിർ ആണ് കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പത്താം വാർഡിലെ ലിങ്ക് റോഡിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.
എന്നാൽ വർഷങ്ങൾക്ക് ശേഷം ഭരണ മാറ്റം ഉണ്ടാകുകയും, തുടർന്ന് വന്ന പത്താം വാർഡ് മെമ്പർ സുനിൽ ലിങ്ക് റോഡിന്റെ പണി സമയബന്ധിതമായി പൂർത്തിയാക്കിയില്ല. തുടർന്ന് പ്രദേശവാസികളുടെ ശക്തമായ എതിർപ്പിനെ തുടർന്ന് വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ ദിവസം കോൺക്രീറ്റ് പൂർത്തീകരിക്കുകയും ചെയ്തു. വർഷങ്ങൾക്കു മുമ്പ് ഉദ്ഘാടനം ചെയ്ത റോഡ് വീണ്ടും ഉദ്ഘാടനം ചെയ്യുന്നതിനായി എത്തിയ മെമ്പർ റോഡിന് തങ്ങളുടെ കുടുംബ പേര് നൽകുകയാണെന്ന് പ്രസംഗത്തിൽ പറഞ്ഞപ്പോൾ നാട്ടുകാർ എതിർക്കുകയായിരുന്നു. ലിങ്ക് റോഡിന്റെ ഇരു വശങ്ങളിലും വസിക്കുന്ന കുടുംബങ്ങൾ സ്വന്തം സ്ഥലം പഞ്ചായത്തിന് നൽകിയതിന് ശേഷമാണ് റോഡ് പണി തുടങ്ങിയത്. പ്രദേശവാസികളുടെ അധ്വാനത്തിന്റെ ഫലമായി നിർമ്മിച്ച റോഡിന് മെമ്പറിന്റെ കുടുംബ പേര് ഇടാൻ സാധ്യമല്ല എന്ന മെമ്പറോട് അറിയിക്കുകയും ചെയ്തു. എന്നാൽ ഈ പേര് തന്നെ ഇടുമെന്നും ഫലകം സ്ഥാപിക്കുമെന്നും മെമ്പർ പറഞ്ഞു. പൊതുജനങ്ങൾ പഞ്ചായത്ത് അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ അങ്ങനെ ഒരു പേര് റോഡിന് നൽകാൻ പഞ്ചായത്ത് അനുമതി നൽകിയിട്ടില്ലെന്നറിയിച്ചു. പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിൽ ഉള്ള പേര് റോഡിന് നൽകിയാൽ മതിയെന്നാണ് പ്രദേശവാസികളുടെ ആവശ്യം