സംസ്ഥാന സ്കൂൾ കലോത്സവ സംഘാടക സമിതി ഓഫീസ് ഉത്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്തി വി. ശിവൻകുട്ടി നിർവഹിച്ചു
കൊല്ലം : സംസ്ഥാന സ്കൂൾ കലോത്സവത്തോട് അനുബന്ധിച്ചു തയാറാക്കിയിട്ടുള്ള സംഘാടക സമിതി ഓഫീസിന്റെ ഉത്ഘാടനം തൊഴിൽ – പൊതുവിദ്യാഭ്യാസ വകുപ്പ് മന്തി വി. ശിവൻകുട്ടി ഇന്ന് രാവിലെ 11 മണിക് നിർവഹിച്ചു . കൊല്ലം മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലാണ് സംഘാടക സമിതി ഓഫീസ് പണി കഴിപ്പിച്ചിരിക്കുന്നത്.
കലോത്സവത്തിന്റെ മുഖ്യ രക്ഷാധികാരിയായ മന്ത്രി വി ശിവൻകുട്ടിയുടെയും സംഘാടക സമിതി ചെയർമാൻ കെ എൻ ബാലഗോപാലിന്റെയും നേതൃത്വത്തിൽ കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിൽ വിവിധ കമ്മിറ്റി ചെയർപേഴ്സൺമാരുടെയും കൺവീനർമാരുടെ യോഗം ചേർന്നു. നൗഷാദ് എം. എൽ. എ, കെ. എസ്. എഫ് . ഇ ചെയർമാൻ വരദരാജൻ. കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. കെ ഗോപൻ പൊതു വിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് ഐഎഎസ് എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു.
റിസപ്ഷൻ കമ്മിറ്റി, ഫുഡ് കമ്മിറ്റി, പബ്ലിസിറ്റി കമ്മിറ്റി, പ്രോഗ്രാം കമ്മിറ്റി, സ്റ്റേജ് ആൻഡ് പന്തൽ കമ്മിറ്റി കൺവീനർമാർ നാൾ ഇതുവരെ നടത്തിയ പ്രവർത്തനങ്ങൾ യോഗം അവലോകനം ചെയ്യുകയുണ്ടായി. ജനുവരി 4 നു നടക്കുന്ന ഉദ്ഘടനാ സമ്മേളനത്തിന്റെ മുന്നൊരുക്കങ്ങൾ സംബന്ധിച്ചു യോഗങ്ങളിൽ വിലയിരുത്തി.
9600 കുട്ടികളാണ് നാളിതുവരെ വിവിധ മത്സരങ്ങൾക്കായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. മത്സര നടത്തിപ്പ്, സമയ ബന്ധിതമായി റിസൾട്ട് പ്രഖ്യാപനം,ചുമതല വിഭജനം എന്നിവ സംബന്ധിച്ചു പ്രോഗ്രാം കമ്മിറ്റിക്ക് കൃത്യമായ നിർദേശങ്ങൾ നൽകി. പ്രചരണ പരിപാടികൾ വരും ദിവസങ്ങളിൽ ഊർജിതമാക്കാനുമുള്ള നടപടികൾ സ്വീകരിക്കണമെന്നും യോഗത്തിൽ അറിയിച്ചു.
ഏകദേശം 2200 പേർ ഒരേ സമയം ഭക്ഷണ കഴിക്കുന്നതിനുള്ള സൗകര്യങ്ങളാണ് ഭക്ഷണ കമ്മിറ്റി ഏർപ്പെടുത്തിയിരിക്കുന്നത്. ഭക്ഷണം വിളമ്പുന്നതിനും യഥേഷ്ടം ഭക്ഷണം നൽകുന്നതിനും ആവശ്യമായ നടപടികൾ ഭക്ഷണ കമ്മിറ്റി സ്വീകരിക്കണമെന്നും യോഗം നിർദ്ദേശം നൽകി. കൂപ്പൺ ലഭ്യമായവർക്ക് തിക്കും തിരക്കും കൂടാതെ ഭക്ഷണം ലഭിക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തുമെന്ന് ഭക്ഷണ കമ്മിറ്റി അറിയിച്ചു. സ്റ്റേജ് ആൻഡ് പന്തൽ കമ്മിറ്റിയുടെ പ്രവർത്തനങ്ങളും യോഗം വിലയിരുത്തി. പന്തലുകളുടെ നിർമാണം 80% പൂർത്തീകരിച്ചിട്ടുണ്ടെന്നും ഒന്നാം വേദിയായ ആശ്രമ ഗ്രൗണ്ടിൽ 12,000 പേർക്ക് ഇരിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നതെന്ന് പന്തൽ കമ്മിറ്റി അറിയിച്ചു. ഭക്ഷണ പന്തലിനായി 27,000 ചതുരശ്ര അടിയും കലവറക്കായി 7,000 ചതുരശ്ര അടി പന്തലുമാണ് ഒരുക്കിയിരിക്കുന്നത്.