നവ കേരള സദസിൽ കുട്ടികളെ പങ്കെടുപ്പിക്കില്ല സർക്കാർ കോടതിയിൽ സത്യവാങ്മൂലം നൽകി

കൊച്ചി: നവകേരള സദസിൽ വിദ്യാർഥികളെ പങ്കെടുപ്പിക്കില്ലെന്ന് സർക്കാർ. കുട്ടികളെ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവും സ്‌കൂൾ ബസ് വിട്ടുനൽകണമെന്ന ഉത്തരവും പിൻവലിക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. തിങ്കളാഴ്ചയോടെയാകും ഈ ഉത്തരവ് പിൻവലിക്കുക.

നവകേരള യാത്രയ്ക്കു കുട്ടികളെയും ബസുകളും അയയ്ക്കരുതെന്ന ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് കോടതിയിൽ സർക്കാർ സത്യവാങ്മൂലം നൽകിയത്. പാഠ്യപദ്ധതിയുടെ ഭാഗമല്ലാത്ത ഒരു പരിപാടിക്കും കുട്ടികളെ അയയ്ക്കരുതെന്നു പ്രിൻസിപ്പൽമാർക്കും ഹെഡ്മാസ്റ്റർമാർക്കും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശം നൽകിയിരുന്നു

നവകേരള യാത്രയ്ക്കു സ്കൂളുകളിൽനിന്നു വിദ്യാർഥികളെ പങ്കെടുപ്പിക്കണമെന്ന മലപ്പുറം വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെ ഉത്തരവ് ചോദ്യം ചെയ്ത് മുസ്‌ലിം സ്റ്റുഡന്റ് ഫെഡറേഷന്റെ പ്രസിഡന്റ് പി.കെ.നവാസ് നൽകിയ ഹർജിയിലാണു ഹൈക്കോടതി ഉത്തരവ് നൽകിയത്.