തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് ശാന്തി നിയമനത്തിനായി വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി നിയമനത്തിന് ശ്രമിച്ച കേസിൽ പിടിയിലായ കോട്ടയം ജില്ലയിലെ വടയാർ സ്വദേശി എസ്. സുമോദ്, വാഴപ്പള്ളി സ്വദേശികളായ ബിനുമോൻ. സി, ദിലീപ് കുമാർ. റ്റി.വി, തൃശ്ശൂർ ജില്ലയിലെ മതിലകം സ്വദേശി വിപിൻ ദാസ്. എൻ.ജി എന്നിവരെ വ്യാജ രേഖ ചമച്ചതിന് തിരുവനന്തപുരം വിജിലൻസ് കോടതി ശിക്ഷിച്ചു.
2008 ഫെബ്രുവരിയിൽ താൽക്കാലിക ശാന്തി നിയമനത്തിനായി തിരുവിതാംകൂർ ദേവസ്വം ബോർഡ് അപേക്ഷ ക്ഷണിച്ചപ്പോൾ വ്യാജ ശാന്തി സർട്ടിഫിക്കറ്റുകൾ ഹാജരാക്കി താൽക്കാലിക ശാന്തി നിയമനത്തിനായി ശ്രമിച്ച കേസിലാണ് വിജിലൻസ് കോടതി ഒരു വർഷം വീതം തടവിന് ശിക്ഷിച്ചത്. ഒന്നാം പ്രതിയായിരുന്ന തിരുവിതാംകൂർ ദേവസ്വംബോർഡിലെ മുൻ ഡപ്യൂട്ടി ദേവസ്വം കമ്മിഷണറായിരുന്ന എസ്. പാർവ്വതിയേയും, രണ്ടാം പ്രതിയായിരുന്ന മുൻ സബ് ഗ്രൂപ്പ് ഓഫീസറുമായിരുന്ന ജി. ഗോപകുമാറിനെയും കോടതി വെറുതെ വിട്ടു.
തിരുവനന്തപുരം വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് ഒന്നിലെ മുൻ ഡപ്യൂട്ടി പോലീസ് സൂപ്രണ്ട് എം.എച്ച് ലത്തീഫ് രജിസ്റ്റർ ചെയ്ത കേസ്സിൽ ഇൻസ്പെക്ടർമാരായിരുന്ന എസ്. സുനിൽകുമാർ, എസ്. അനിൽ കുമാർ, ബി. അനിൽ കുമാർ, എന്നിവർ അന്വേഷണം നടത്തി മുൻ ഡപ്യൂട്ടി പോലീസ് സൂപ്രണ്ട് ശബി. ഉദയകുമാറാണ് കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യൂഷന് വേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ ശ്രീ. രഞ്ജിത് കുമാർ ഹാജരായി.