വര്‍ഷാന്ത്യത്തോട് അടുക്കുംതോറും വിദേശ ധനകാര്യസ്ഥാപനങ്ങള്‍ വില്‍പ്പനയ്ക്കു തിടുക്കം കാണിക്കുമോയെന്ന ഭീതിക്കിടെ, ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകളും പ്രാദേശിക നിക്ഷേപകരും പുതിയ വാങ്ങലുകള്‍ക്ക് ഉത്സാഹിച്ചു.
ഇത് തുടര്‍ച്ചയായ നാലാം വാരവും ഇന്ത്യൻ വിപണിക്കു നേട്ടമുണ്ടാക്കി. നിഫ്റ്റി 62 പോയിന്‍റും സെൻസെക്സ് 175 പോയിന്‍റും പ്രതിവാര മികവിലാണ്. ഒരു മാസത്തിനിടെ നിഫ്റ്റി 513 പോയിന്‍റും സെൻസെക്സ് 1398 പോയിന്‍റും ഉയര്‍ന്നു.
നിഫ്റ്റി ഫ്യൂച്ചര്‍ കൂടുതല്‍ കരുത്തു പ്രകടിപ്പിക്കുന്നു. ഓപ്പണ്‍ ഇൻട്രസ്റ്റ് മുൻവാരത്തിലെ 1.25 കോടിയില്‍നിന്ന് 1.30 കോടിയായി ഉയര്‍ന്നു. വിപണി നവംബര്‍ സീരീസ് സെറ്റില്‍മെന്‍റിന് ഒരുങ്ങുകയാണ്. ഗുരു നാനാക്ക് ജയന്ത്രി പ്രമാണിച്ച് ഇന്ന് അവധിയായതിനാല്‍ വ്യാഴാഴ്ചത്തെ സെറ്റില്‍മെന്‍റിന് കേവലം മൂന്നു പ്രവൃത്തിദിനങ്ങള്‍ മാത്രം ബാക്കി.
നിഫ്റ്റിയില്‍ പോര്
കാളകളും കരടികളുമായുള്ള ശക്തമായ ദ്വന്ദ്വയുദ്ധത്തിനു വാരമധ്യം വിപണി സാക്ഷ്യം വഹിക്കാം. വാരാന്ത്യം 19,827 പോയിന്‍റില്‍ നിലകൊള്ളുന്ന ഫ്യൂച്ചേഴ്സ് 19,730ലെ സപ്പോര്‍ട്ട് നിലനിര്‍ത്തിയാല്‍ 19,900-20,030 വരെ മുന്നേറും. വിപണിയുടെ ചലനങ്ങള്‍ വിലയിരുത്തിയാല്‍ ഉൗഹക്കച്ചവടക്കാര്‍ ഒഴികെയുള്ളവര്‍ ഈവാരം വിട്ടുനില്‍ക്കുന്നതാവും അഭികാമ്യം.
നിഫ്റ്റി 19,731 പോയിന്‍റില്‍നിന്ന് 19,677 റേഞ്ചിലേക്കുള്ള പരീക്ഷണങ്ങള്‍ക്കിടെ കരുത്ത് കൈവരിച്ചു. പ്രതിരോധമായ 19,921 ലക്ഷ്യമാക്കി നിഫ്റ്റി ചുവടുവച്ചെങ്കിലും 19,872 വരെയേ ഉയരാനായുള്ളു. ഇതിനിടെ, ഒരു വിഭാഗം ലാഭമെടുപ്പിനിറങ്ങിയത് സൂചികയെ അല്‍പ്പം തളര്‍ത്തി. അവസാന രണ്ടു ദിവസങ്ങളില്‍ വിദേശ ഫണ്ടുകള്‍ നിക്ഷപകരായി അണിനിരന്നതു വൻ തകര്‍ച്ചയില്‍നിന്ന് വിപണിക്കു താങ്ങ് സമ്മാനിച്ചു.
വ്യാപാരാന്ത്യം നിഫ്റ്റി 19,794 പോയിന്‍റിലാണ്. ഈവാരം 19,690 പോയിന്‍റിലെ ആദ്യ സപ്പോര്‍ട്ട് നിലനിര്‍ത്തി 19,885ലേക്കും 19,976ലേക്കും ഉയരാനുള്ള ശ്രമം വിജയം കണ്ടാല്‍ മുന്നേറ്റം 20,030 വരെ തുടരാം. അതേസമയം, ആദ്യ സപ്പോര്‍ട്ടില്‍ പിടിച്ചുനില്‍ക്കാൻ ക്ലേശിക്കേണ്ടിവന്നാല്‍ 19,586ല്‍ താങ്ങ് ലഭിക്കും. വിപണിയിലെ നിക്ഷേപ മനോഭാവം കണക്കിലെടുത്താല്‍ ഡിസംബറില്‍ സൂചിക 20,300-20,500നെ ലക്ഷ്യമാക്കുമെന്നാണു വിലയിരുത്തല്‍.
മറ്റു സാങ്കേതിക വശങ്ങളിലേക്കു തിരിഞ്ഞാല്‍ ഇൻഡിക്കേറ്ററുകള്‍ പലതും ഓവര്‍ ബ്രോട്ടാണ്. ഇത് ലാഭമെടുപ്പിന് ഉൗഹക്കച്ചവടക്കാരെ പ്രേരിപ്പിക്കും. ഡെയ്ലി ചാര്‍ട്ടില്‍ എംഎസിഡി അനുകൂലമായാണ് നീങ്ങുന്നതെങ്കിലും വീക്‌ലി ചാര്‍ട്ടിലെ ദുര്‍ബലാവസ്ഥ കുതിപ്പിനെ പിടിച്ചുനിര്‍ത്താം.
ചാഞ്ചാടി സെൻസെക്സ്
ബോംബെ സെൻസെക്സ് 65,794 പോയിന്‍റില്‍നിന്ന് 66,229 പോയിന്‍റ് വരെ കയറിയ ഘട്ടത്തില്‍, മുൻനിര ഓഹരികളിലെ വില്‍പ്പന സമ്മര്‍ദംമൂലം അല്‍പ്പം തളര്‍ന്ന സെൻസെക്സ് ക്ലോസിംഗില്‍ 65,970 പോയിന്‍റിലാണ്. 66,281ലും 66,592ലും പ്രതിരോധമുണ്ട്. വില്‍പ്പന സമ്മര്‍ദമുണ്ടായാല്‍ 65,606-65,242ല്‍ താങ്ങ് പ്രതീക്ഷിക്കാം.
വാരാവസാനം വിദേശഫണ്ടുകള്‍ രണ്ടു ദിവസം നിക്ഷേപത്തിനു കാണിച്ച ഉത്സാഹം ഈവാരം തുടര്‍ന്നാല്‍ സ്ഥിതിഗതികളില്‍ കാര്യമായ മാറ്റം സംഭവിക്കാം. ഈ വര്‍ഷം 96,349 കോടി രൂപയുടെ നിക്ഷേപം വിദേശഫണ്ടുകള്‍ നടത്തി. പോയവാരം ഇത് 2881 കോടിയായിരുന്നു. വാരത്തിന്‍റെ ആദ്യ പകുതിയില്‍ വിദേശഫണ്ടുകള്‍ 1409 കോടി രൂപയുടെ വില്‍പ്പന നടത്തി. ആഭ്യന്തര ഫണ്ടുകള്‍ എല്ലാ ദിവസവും വാങ്ങലുകാരായി നിലകൊണ്ട് 2112 കോടിയുടെ ഓഹരികള്‍ ശേഖരിച്ചു.
അന്താരാഷ്ട്ര സ്വര്‍ണവില ഉയര്‍ന്നു. ന്യൂയോര്‍ക്കില്‍ ട്രോയ് ഒൗണ്‍സിന് 1981 ഡോളറില്‍നിന്ന് 2000വും കടന്ന് 2008.50 വരെ കയറി. 2009ലെ പ്രതിരോധം മറികടക്കാനായിട്ടില്ലെങ്കിലും ഈ തടസം ഭേദിക്കുന്നതോടെ 2024നെ ലക്ഷ്യമാക്കും. വാരാന്ത്യം നിരക്ക് 2001 ഡോളറിലാണ്.
രൂപയ്ക്കു രക്ഷയില്ല
ഡോളറിനു മുന്നില്‍ രൂപയുടെ ദുര്‍ബലാവസ്ഥ വിട്ടുമാറുന്നില്ല. ഡിസംബറിലേക്കു പ്രവേശിക്കുന്നതോടെ വിദേശ ഇടപാടുകാര്‍ ബാധ്യതകള്‍ വിറ്റുമാറാനുള്ള നീക്കം നടത്തും. ഇതു പരിഗണിച്ചാല്‍, രൂപ കൂടുതല്‍ പരിങ്ങലിലാവും. 83.24ല്‍ നിന്നും റിക്കാര്‍ഡ് തകര്‍ച്ചയായ 83.38 എന്ന നിലയിലേക്ക് നീങ്ങിയശേഷം ക്ലോസിംഗില്‍ 83.36ലാണ്. രൂപയുടെ ചലനങ്ങള്‍ കണക്കിലെടുത്താല്‍ 83.52ലേക്കും തുടര്‍ന്ന് 83.72ലേക്കും നീങ്ങാം.
വിദേശനാണയ കരുതല്‍ശേഖരത്തില്‍ വര്‍ധനയാണ്. നവംബര്‍ 17ന് അവസാനിച്ച വാരം കരുതല്‍ ധനം 5.077 ബില്യണ്‍ ഡോളര്‍ വര്‍ധിച്ച് 595.397 ബില്യണ്‍ ഡോളറായി ഉയര്‍ന്നുവെന്നാണ് റിസര്‍വ് ബാങ്ക് കണക്ക്