കയ്യിലുള്ള പണത്തിൽ വ്യാജൻ ഉണ്ടോ? പരിശോധിക്കുക ഈ കാരണങ്ങൾ

കയ്യില്‍ പത്ത് പുത്തൻ കാശു വരുമ്ബോള്‍ ഇത് കള്ളനോട്ട് ആണോ എന്ന് ഒരിക്കലെങ്കിലും സംശയിക്കാത്ത ആരും ഉണ്ടാകില്ല.
കാരണം രാജ്യത്ത് ഓരോ വര്‍ഷവും പിടിച്ചെടുക്കുന്ന കള്ളനോട്ടുകളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. ഓരോ വര്‍ഷവും പിടിച്ചെടുക്കുന്ന കള്ളനോട്ടുകളുടെ മൂല്യം കുത്തനെ ഉയരുന്നതായാണ് ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക്. വാട്ടര്‍മാര്‍ക്ക്, അശോക സ്തംഭ ചിഹ്നം, തുടങ്ങി ഒറിജിനലിനെ വെല്ലുന്ന വിധത്തിലാണ് പലപ്പോഴും വ്യാജനോട്ടുകളിലെ പ്രിന്‍റ് . പത്ത്, ഇരുപത്, അൻമ്ബത്, നൂറ്, ഇരുന്നൂറ്, അഞ്ചൂറ് നോട്ട് ഏതായാലും കള്ളനുണ്ടാക്കാനുള്ള സാധ്യതയുണ്ടെന്ന് സാരം. ദിവസേന നമ്മുടെ കൈകളിലെത്തുന്ന പണം കള്ളനോട്ട് ആണോ എന്നതും നോക്കേണ്ടതുണ്ട്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കയ്യിലുള്ളത് കള്ളനോട്ടാണോ എന്ന് തിരിച്ചറിയാൻ കഴിയും.

1. ദേവനാഗിരി ലിപിയും പ്രാദേശിക ഭാഷകളും

കറൻസിയുടെ മൂല്യം എത്രയാണോ അത് ദേവനാഗിരി ലിപിയില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. നോട്ടിന്റെ മറുവശത്ത്, 15 വ്യത്യസ്ത ഇന്ത്യൻ ഭാഷകളില്‍ മൂല്യം എഴുതിയിരിക്കും.

2. സീരിയല്‍ നമ്ബര്‍ പരിശോധിക്കുക

ഓരോ ഇന്ത്യൻ കറൻസി നോട്ടിലും ഒരു തനത് സീരിയല്‍ നമ്ബര്‍ പ്രിന്‍റ് ചെയ്തിരിക്കും. നോട്ടിന്‍റെ ഇരുവശത്തും സീരിയല്‍ നമ്ബര്‍ ഒന്നുതന്നെയാണെന്നും സൈഡ് പാനലില്‍ പ്രിന്റ് ചെയ്തിരിക്കുന്ന സീരിയല്‍ നമ്ബറുമായി അത് പൊരുത്തപ്പെടുന്നുണ്ടെന്നും ഉറപ്പാക്കുക.

3. വാട്ടര്‍മാര്‍ക്ക് പരിശോധിക്കുക

എല്ലാ ഇന്ത്യൻ കറൻസി നോട്ടുകള്‍ക്കും വാട്ടര്‍മാര്‍ക്ക് ഉണ്ട്. വെളിച്ചത്തിന് നേരെ പിടിക്കുമ്ബോള്‍ അത് കാണാൻ കഴിയും. മഹാത്മാഗാന്ധിയുടെ ഛായാചിത്രത്തിന്റെ രൂപരേഖയും കറൻസിയുടെ മൂല്യവുമാണ് വാട്ടര്‍മാര്‍ക്ക്. ഇത് നോട്ടിന്‍റെ ഇടതുവശത്ത് കാണാം. വ്യാജ നോട്ടില്‍ വാട്ടര്‍ മാര്‍ക്ക് ഉണ്ടാക്കാൻ സാധാരണ എണ്ണയോ ഗ്രീസോ ആണ് ഉപയോഗിക്കുന്നത്. അത് കൊണ്ടു തന്നെ വാട്ടര്‍ മാര്‍ക്ക് കൃത്യമായിരിക്കില്ല.

4. സെക്യൂരിറ്റി ത്രെഡ്

ഇന്ത്യൻ കറൻസി നോട്ടുകളില്‍ ലംബമായി ഒരു നൂല്‍ ഉണ്ട്. അതില്‍ ആര്‍ ബി ഐ എന്നും നോട്ടിന്‍റെ മൂല്യവും അച്ചടിച്ചിരിക്കുന്നത് കാണാം.

5. ബ്ലീഡ് ലൈനുകള്‍

നോട്ടിന്റെ ഇരുവശത്തുമുള്ള കോണാകൃതിയിലുള്ള വരകളാണിത്. 100, 200 രൂപ നോട്ടുകള്‍ക്ക് നാലെണ്ണം വീതമുണ്ട് (ഇവയ്ക്ക് ബ്ലീഡ് ലൈനുകള്‍ക്കിടയില്‍ രണ്ട് സര്‍ക്കിളുകളും ഉണ്ട്), 500 രൂപ നോട്ടില്‍ അഞ്ച് ബ്ലീഡ് ലൈനുകളുമുണ്ട്.

6. മഷിയും വലിപ്പവും

നോട്ടിന്റെ മുകളിലും ഇടതുവശത്തും താഴെ വലതുവശത്തും അക്കങ്ങളുണ്ട്. അവ ഇടത്തുനിന്ന് വലത്തോട്ട് ആരോഹണക്രമത്തിലായിരിക്കണം. അവയ്ക്കിടയില്‍ തുല്യ അകലമുണ്ട്. വിന്യാസത്തിലോ വലുപ്പത്തിലോ വിടവുകളിലോ എന്തെങ്കിലും പൊരുത്തക്കേട് ഉണ്ടെങ്കില്‍, അത് വ്യാജ നോട്ടാണ്.

കള്ളനോട്ട് കണ്ടെത്തിയാല്‍ എന്ത് ചെയ്യണം?

1. എടിഎമ്മില്‍ നിന്ന് കള്ളനോട്ട് നോട്ടിന്റെ മുൻഭാഗവും പിൻഭാഗവും സിസിടിവി ക്യാമറയില്‍ കാണിക്കുകയും എടിഎമ്മിലെ സെക്യൂരിറ്റി ജീവനക്കാരനെ അറിയിക്കുകയും ചെയ്യുക.

2. എടിഎം ഇടപാടിന്റെ രസീത് എടുക്കുക.

3. വ്യാജ നോട്ടും ഇടപാട് രസീതും ബാങ്കില്‍ നല്‍കുക. ഫോം പൂരിപ്പിച്ച്‌ നല്‍കിയാല്‍ വ്യാജ നോട്ടിന് പകരമായി ഒരു യഥാര്‍ത്ഥ നോട്ട് നല്‍കും

4. ആര്‍ബിഐ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച്‌, എടിഎമ്മില്‍ നിന്ന് വ്യാജ നോട്ടുകള്‍ ലഭിച്ചാല്‍ ബാങ്കുകള്‍ ഉപഭോക്താവിന് പണം തിരികെ നല്‍കണം.

5. വ്യക്തിഗത ഇടപാടിനിടെ കള്ളനോട്ട് ലഭിച്ചാല്‍, വ്യക്തമായ തെളിവുകള്‍ ഇല്ലെങ്കില്‍ നോട്ട് മാറി ലഭിക്കാനുള്ള സാധ്യത കുറവാണ്.

6. ഒന്നിലധികം കള്ളനോട്ടുകള്‍ ലഭിക്കുകയാണെങ്കില്‍, അത് കൈമാറ്റം ചെയ്യാനോ മറയ്ക്കാനോ ശ്രമിക്കുന്നതിനുപകരം ആര്‍ബിഐയുടെ ഏറ്റവും അടുത്തുള്ള ഇഷ്യൂ ഓഫീസിനെയോ അടുത്തുള്ള പോലീസ് സ്റ്റേഷനെയോ അറിയിക്കുക. കാരണം, കറൻസി വ്യാജമാണെന്ന അറിവോടെ അത് പ്രചരിപ്പിക്കാനുള്ള ഏതൊരു ശ്രമവും IPC സെക്ഷൻ 489 C പ്രകാരം ശിക്ഷാര്‍ഹമാണ്. ഏഴ് വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കാം.