ഇന്ത്യയിലേക്കുള്ള ഇറക്കുമതിയിൽ ചൈന മുന്നിൽ

ഒക്ടോബറിലെ ഇന്ത്യയുടെ വ്യാപാര കണക്കുകള്‍ പുറത്തുവന്നപ്പോള്‍ ഇന്ത്യയുടെ ഏറ്റവും വലിയ ഇറക്കുമതി സ്രോതസ്സായി ചൈന തുടരുന്നതായി റിപ്പോര്‍ട്ട്.
ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം 2022-23 സാമ്ബത്തിക വര്‍ഷത്തില്‍ ചൈനയില്‍ നിന്നുള്ള ഇന്ത്യയുടെ മൊത്തം ഇറക്കുമതി 98.51 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ഇത് ഇന്ത്യയുടെ മൊത്തം ഇറക്കുമതിയുടെ 16.5 ശതമാനവുമാണ്.

ഇന്ത്യയുടെ ഇറക്കുമതി വിപണിയില്‍ ചൈനയുടെ സംഭാവനകള്‍ വലുതാണെങ്കിലും അമിത ആശ്രിതത്വത്തെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഈ ആശ്രയിതത്വം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്രം ആരംഭിച്ചിട്ടുണ്ട്. റഷ്യ, യു.എ.ഇ, യു.എസ്, സൗദി അറേബ്യ എന്നീ രാജ്യങ്ങളാണ് ഇന്ത്യയിലേക്കുള്ള ഇറക്കുമതിയില്‍ ചൈനയ്ക്ക് പിന്നാലെയുള്ളത്.

ചരക്ക് വ്യാപാര കമ്മി ഉയര്‍ന്നു

ഒക്ടോബറില്‍ ഇന്ത്യയുടെ ചരക്ക് വ്യാപാര കമ്മി 26.3 ബില്യണ്‍ ഡോളറില്‍ നിന്ന് 31.46 ബില്യണ്‍ ഡോളറായതായി വാണിജ്യ സെക്രട്ടറി സുനില്‍ ബര്‍ത്ത്വാള്‍. ഒക്ടോബറിലെ ചരക്ക് കയറ്റുമതി മുന്‍ വര്‍ഷം ഇതേ കാലയളവിലെ 31.60 ബില്യണ്‍ ഡോളറില്‍ നിന്ന് 33.57 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ഒക്ടോബറിലെ ചരക്ക് ഇറക്കുമതി 57.91 ബില്യണ്‍ ഡോളറില്‍ നിന്ന് 65.03 ബില്യണ്‍ ഡോളറായി ഉയര്‍ന്നു.

ഏപ്രില്‍-ഒക്ടോബര്‍ കാലയളവില്‍ ചരക്ക് കയറ്റുമതി പ്രതിവര്‍ഷം 7 ശതമാനം ഇടിഞ്ഞ് 244.89 ബില്യണ്‍ ഡോളറിലെത്തിയതായി സുനില്‍ ബര്‍ത്ത്വാള്‍ കൂട്ടിച്ചേര്‍ത്തു. ഈ കാലയളവില്‍ ചരക്ക് ഇറക്കുമതി 8.95 ശതമാനം കുറഞ്ഞ് 391.96 ബില്യണ്‍ ഡോളറായി. സ്വര്‍ണ ഇറക്കുമതി 5.5 ശതമാനം ഉയര്‍ന്ന് ഒക്ടോബറല്‍ 29.48 ബില്യണ്‍ ഡോളറായി