ജിമ്നിയുടെ ദക്ഷിണാഫ്രിക്കൻ വില

വാഹന വിപണിയുടെ സ്പന്ദനം ഓരോ വര്‍ഷവും മാറിമറിഞ്ഞ് കൊണ്ടിരിക്കും. അതിന് അനുസരിച്ച്‌ തന്ത്രങ്ങള്‍ മാറ്റുന്ന കമ്ബനികള്‍ക്കാണ് കിടമത്സരത്തിനിടയില്‍ വെന്നിക്കൊടി പാറിക്കാന്‍ സാധിക്കുന്നത്.

2023 ഓട്ടോ എക്സ്പോയില്‍ ആയിരുന്നു മാരുതി സുസുക്കി ജിംനി 5-ഡോര്‍ പതിപ്പിന്റെ ആഗോള പ്രീമിയര്‍. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ലൈഫ്സ്റ്റെല്‍ എസ്‌യുവി ഇന്ത്യന്‍ വിപണിയിലെത്തി.

അന്താരാഷ്ട്ര വിപണികളില്‍ സുസുക്കി ജിംനി 3-ഡോര്‍ അതിന്റെ ഓഫ്-റോഡിംഗ് കഴിവുകള്‍ക്ക് പേരുകേട്ട മോഡലാണ്. ഇപ്പോള്‍ ഓഫ്റോഡര്‍ എസ്‌യുവി യുടെ 5-ഡോര്‍ പതിപ്പ് ഉപയോഗിച്ച്‌ അതിന്റെ ജനപ്രീതി ഉയര്‍ത്താന്‍ ലക്ഷ്യമിടുകയാണ് ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍. അതിന്റെ ഭാഗമായി സുസുക്കി ജിംനി 5 ഡോര്‍ പതിപ്പ് ദക്ഷിണാഫ്രിക്കയില്‍ പുറത്തിറക്കി. ഇതോടെ ജിംനിയുടെ 3-ഡോര്‍, 5-ഡോര്‍ മോഡലുകള്‍ ഒരേസമയം വില്‍പ്പനക്കെത്തിക്കുന്ന ആദ്യത്തെ രാജ്യമായി ദക്ഷിണാഫ്രിക്ക മാറി.

 

ഇതുവരെ 3-ഡോര്‍ ജിംനി 4X4 മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ വിപണിയില്‍ സുസുക്കി വില്‍പ്പനക്കെത്തിച്ചിരുന്നത്. 12.74 ലക്ഷം മുതല്‍ 14.89 ലക്ഷം രൂപ വരെയാണ് ജിംനി 5 ഡോറിന്റെ ഇന്ത്യയിലെ എക്സ്ഷോറൂം വില. എസ്‌യുവി യുടെ എതിരാളിയായ മഹീന്ദ്ര ഥാറുമായി താരതമ്യം ചെയ്യുമ്ബോള്‍ പ്രാരംഭ വില കൂടുതലാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ മോഡലിന്റെ ദക്ഷിണാഫ്രിക്കയിലെ വില കേട്ടാല്‍ നിങ്ങള്‍ ശരിക്കും ഞെട്ടും.

GL, GLX എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാണ് സുസുക്കി ജിംനി 5 ഡോര്‍ ദക്ഷിണാഫ്രിക്കന്‍ വിപണിയിലെത്തിയത്. ദക്ഷിണാഫ്രിക്കയില്‍ സുസുക്കി ജിംനി അടിസ്ഥാന GL MT വേരിയന്റിന് 4,29,900 റാന്‍ഡ് ആണ് വില. ഇത് ഇന്ത്യന്‍ കറന്‍സിയിലേക്ക് മാറ്റുമ്ബോള്‍ ഏകദേശം 19.7 ലക്ഷം രൂപ വരും. ടോപ്പ്-സ്പെക്ക് GLX AT വേരിയന്റിന് റാന്‍ഡ് 479,900 അല്ലെങ്കില്‍ ഏകദേശം 22 ലക്ഷം രൂപ വില വരും.

ഇന്ത്യ സ്‌പെക് വേരിയന്റുകളുമായി താരതമ്യം ചെയ്യുമ്ബോള്‍ ജിംനിക്ക് ദക്ഷിണാഫ്രിക്കയില്‍ ഏഴുലക്ഷം രൂപയിലധികം കൂടുതലാണ്. ദക്ഷിണാഫ്രിക്ക സ്പെക് ജിംനി ഇന്ത്യയില്‍ മാരുതി സുസുക്കി നിര്‍മ്മിച്ച്‌ കയറ്റി അയക്കുന്നതിനാലാണ് വില കൂടുന്നത്. എന്നാല്‍ ഇന്ത്യയില്‍ ലഭ്യമല്ലാത്ത ചില കളര്‍ ഓപ്‌ഷന്‍സ് ദക്ഷിണാഫ്രിക്കയില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഡിസൈന്‍, പവര്‍ട്രെയിനുകള്‍, മെക്കാനിക്കല്‍ വശങ്ങള്‍ എന്നിവ നോക്കുമ്ബോള്‍ ദക്ഷിണഫ്രിക്കയില്‍ വില്‍പ്പനക്കെത്തുന്ന ജിംനി ഇന്ത്യ സ്‌പെക്കിന് സമമാണ്.

ജിംനി 3 ഡോര്‍, 5 ഡോര്‍ പതിപ്പുകള്‍ക്ക് 1.5 ലിറ്റര്‍ നാചുറലി ആസ്പിരേറ്റഡ് K15 എഞ്ചിന്‍ ആണ് കരുത്തേകുന്നത്. 102 bhp പീക്ക് പവറും 130 Nm പരമാവധി ടോര്‍ക്കും പുറപ്പെടുവിക്കുന്ന തരത്തിലാണ് ഈ എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. 5-സ്പീഡ് മാനുവല്‍, 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ലഭ്യമാണ്.