കിടിലം മൈലേജുമായി ടൊയോട്ടയുടെ പുത്തൻ ഹൈബ്രിഡ് കാര്‍

ഇന്ത്യയില്‍ ഹൈബ്രിഡ് വാഹനങ്ങളെ ജനപ്രിയരാക്കിയവരാണ് ടൊയോട്ട. അര്‍ബൻ ക്രൂയിസര്‍ ഹൈറൈഡര്‍, ഹൈക്രോസ് എന്നീ മോഡലുകളിലൂടെ വിപ്ലവം തീര്‍ത്ത ജാപ്പനീസ് ബ്രാൻഡ് ഇലക്‌ട്രിക്കിനേക്കാള്‍ കൂടുതല്‍ ഊന്നലാണ് ഇത്തരം വാഹനങ്ങള്‍ക്ക് കൊടുക്കുന്നത്.

സാധാരണക്കാര്‍ക്കും താങ്ങാനാവുന്ന വിലയില്‍ വിപണിയിലെത്തിക്കാനാവും എന്നതാണ് ഇതിനു പിന്നിലുള്ള മറയില്ലാത്ത രഹസ്യം.

ഹൈറൈഡറും ഹൈക്രോസും ഹൈബ്രിഡ് സാങ്കേതികവിദ്യയിലേക്ക് ചേക്കേറുന്നതിനു മുമ്ബ് തന്നെ ടൊയോട്ടയ്ക്ക് ഇത്തരമൊരു കാര്‍ ഇന്ത്യയിലുണ്ടായിരുന്നുവെന്നത് പലര്‍ക്കുമറിയില്ല. കാമ്രി എന്ന പേര് സുപരിചിതമായിരുന്നുവെങ്കിലും ഇതൊരു ഹൈബ്രിഡ് വാഹനമായിരുന്നെന്ന് പലരും അറിഞ്ഞതേയുണ്ടായിരുന്നില്ല. പ്രീമിയം വിലയിലെത്തുന്നതിനാല്‍ അധികമാരും ശ്രദ്ധിക്കാതെ പോയ അണ്ടര്‍റേറ്റഡ് സെഡാനാണിത്. പക്ഷേ ഏകദേശം 150 മുതല്‍ 200 യൂണിറ്റ് പരിധിയിലാണ് കാമ്രി വിറ്റഴിക്കുന്നത്.

അങ്ങനെ മോശമാക്കാതെ നിരത്തുകളില്‍ ഓടുന്ന കാമ്രി (Camry) ഇപ്പോഴിതാ ഒമ്ബതാം തലമുറയിലേക്ക് ചേക്കേറിയിരിക്കുകയാണ്. 2023 ലെ ലോസ് ഏഞ്ചല്‍സ് ഓട്ടോ ഷോയില്‍ ടൊയോട്ട സെഡാന്റെ പുതിയ ആവര്‍ത്തനത്തെ പുറത്തിറക്കിയിരിക്കുകയാണ്. അടിസ്ഥാന രൂപം ഒന്നാണെങ്കിലും കാലത്തിനൊത്ത പരിഷ്ക്കാരങ്ങള്‍ കൂടെക്കൂട്ടിയാണ് പുത്തൻ കാമ്രി പിറവിയെടുത്തിരിക്കുന്നത്.

ഹൈബ്രിഡ് ഇലക്‌ട്രിക് എന്നതിനു പുറമെ AWD സജ്ജീകരണവും മോഡലിലേക്ക് ഇത്തവണ എത്തുന്നുണ്ടെന്നതാണ് ശ്രദ്ധേയം. ഇപ്പോള്‍ ഇന്ത്യയില്‍ എത്തില്ലെങ്കിലും ആഗോള വിപണിക്കായാണ് ടൊയോട്ട പുറത്തിറക്കുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്സില്‍ സെഡാന്റെ ജനപ്രീതി നിലനിര്‍ത്താൻ പുതിയ പരിഷ്ക്കാരങ്ങള്‍ കാറിനെ സഹായിക്കും. ഡിസൈനിലേക്ക് നോക്കിയാല്‍ രൂപം മുൻഗാമിക്ക് സമാനമായി തോന്നുമെങ്കിലും ചില കിടിലൻ മാറ്റങ്ങള്‍ കാണാനാവും.

വലിയ ലോവര്‍ ഫ്രണ്ട് ഗ്രില്ലും സംയോജിത എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള മെലിഞ്ഞ എല്‍ഇഡി ഹെഡ്‌ലാമ്ബുകളാണ് മുൻവശത്തെ ഹൈലൈറ്റ്. ടെയില്‍ ലൈറ്റുകളും എല്‍ഇഡി യൂണിറ്റുകളാണ്. റീഡിസൈൻ ചെയ്‌ത 19 ഇഞ്ച് അലോയ് വീലുകളാണ് വീലിലാണ് സെഡാൻ നിരത്തിലെത്തുക. പുത്തൻ കാറാണെന്ന് കാഴ്ച്ചയില്‍ തോന്നിപ്പിക്കാൻ ധാരാളം പുതിയ നിറങ്ങളും പ്രീമിയം സെഡാനില്‍ ഒരുക്കിയിട്ടുണ്ട്.

ഐസ് ക്യാപ്പ്, വിൻഡ് ചില്‍ പേള്‍, സെലസ്റ്റിയല്‍ സില്‍വര്‍ മെറ്റാലിക്, അണ്ടര്‍ഗ്രൗണ്ട്, മിഡ്‌നൈറ്റ് ബ്ലാക്ക് മെറ്റാലിക്, സൂപ്പര്‍സോണിക് റെഡ്, റിസര്‍വോയര്‍ ബ്ലൂ, ഓഷ്യൻ ജെം, ഹെവി മെറ്റല്‍ തുടങ്ങി നിരവധി കളര്‍ ഓപ്‌ഷനുകള്‍ പുതിയ കാമ്രിയുടെ ഭാവം തന്നെ മാറ്റിമറിക്കുന്നുണ്ട്. ഇൻ്റീരിയറിലും മാറ്റങ്ങള്‍ സമഗ്രമാണ്. 7.0 ഇഞ്ച് ഡിജിറ്റല്‍ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനുമായാണ് പുത്തൻ സെഡാൻ വരുന്നത്.

ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനും ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനുമായി 12.3 ഇഞ്ച് ഡിസ്‌പ്ലേകളാണ് കാമ്രിയുടെ ടോപ്പ് ട്രിമ്മുകള്‍ക്ക് ലഭിക്കുന്നത്. ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന് വയര്‍ലെസ് ചാര്‍ജിംഗ് പാഡിനൊപ്പം വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേയും ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയും ലഭിക്കുന്നു. ടോപ്പ് എൻഡ് വേരിയന്റിന് 10.0 ഇഞ്ച് ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേയും ഒരുക്കിയിട്ടുണ്ട്. ക്യാബിനിനുള്ളില്‍ ഒമ്ബത് സ്പീക്കറുകളുള്ള ജെബിഎല്‍ ഓഡിയോ സംവിധാനവുമുണ്ട്.

സേഫ്റ്റിയുടെ കാര്യത്തിലേക്ക് വന്നാല്‍ പുതിയ കാമ്രിക്ക് ടൊയോട്ട സേഫ്റ്റി സെൻസ് 3.0 സ്യൂട്ട് ലഭിക്കുന്നുണ്ട്. അതില്‍ വാഹനങ്ങളെയും കാല്‍നടയാത്രക്കാരെയും കണ്ടെത്തുന്ന പ്രീ-കൊളിഷൻ സിസ്റ്റം, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ലെയ്ൻ-ഡിപ്പാര്‍ച്ചര്‍ അസിസ്റ്റ്, റോഡ് സൈൻ അസിസ്റ്റ്, ഓട്ടോമാറ്റിക് ഹൈ ബീമുകള്‍, ബ്ലൈൻഡ്-സ്പോട്ട് മോണിറ്ററിംഗ് എന്നിവ ഉള്‍പ്പെടുന്നു.