ഉത്സവ സീസണില്‍ ടൊയോട്ടയ്ക്ക് ഇത് നേട്ടമോ കോട്ടമോ?

ദീപാവലി ഉത്സവ സീസണുകളോട് അനുബന്ധിച്ച്‌ മിക്ക വാഹന നിര്‍മ്മാതാക്കൾക്കും ഇത് നല്ല സമയമാണ്. മറ്റ് മാസങ്ങളിലേക്കാള്‍ ഉപരിയായി ഈ സീസണില്‍ വില്‍പ്പന മിക്കച്ചതായിരിക്കും.
ഒക്ടോബര്‍ മുതല്‍ ആരംഭിക്കുന്ന ഈ ഒരു കാലയളവില്‍ മികച്ച ഓഫറുകളും ഡിസ്കൗണ്ടുകളും എല്ലാ നിര്‍മ്മാതാക്കളും വാഗ്ദാനം ചെയ്യുന്നു.

ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ (TKM) 2023 ഒക്ടോബറില്‍ മൊത്തം 20,542 യൂണിറ്റ് വില്‍പ്പനയാണ് റിപ്പോര്‍ട്ട് ചെയ്തത്, കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 13,143 യൂണിറ്റുകളാണ് കമ്ബനി വിറ്റഴിച്ചത്. വാര്‍ഷിക അടിസ്ഥാനത്തില്‍ (YoY) ബ്രാൻഡ് 56.3 ശതമാനം വില്‍പ്പന വളര്‍ച്ച കൈവരിച്ചു, കൂടാതെ അടുത്തടുത്ത മാസങ്ങളിലായി 20,000 യൂണിറ്റ് വില്‍പ്പന എന്ന മാര്‍ക്കും കൈവരിക്കുന്നു.

എന്നിരുന്നാലും, മുൻ മാസത്തെ അപേക്ഷിച്ച്‌, പ്രതിമാസ (MoM) വില്‍പ്പന കണക്കില്‍ 7.3 ശതമാനം ഇടിവാണ് കമ്ബനി രേഖപ്പെടുത്തിയത്. മൊത്തത്തിലുള്ള നിര്‍മ്മാതാക്കളുടെ വോളിയം ടേബിളില്‍ ആറാം സ്ഥാനത്ത് എത്തിയത ജാപ്പനീസ് ഓട്ടോ മേജര്‍ മുൻ വര്‍ഷത്തെ 3.9 ശതമാനത്തില്‍ നിന്ന് 5.3 ശതമാനം വിപണി വിഹിതം നേടി, ഏകദേശം 1.4 ശതമാനത്തിനടുത്തുള്ള നേട്ടമാണിത്.

ഇന്നോവ ക്രിസ്റ്റയുടെയും ഇന്നോവ ഹൈക്രോസിന്റെയും സംയോജിത വോളിയം കണക്കുകള്‍ 8,183 യൂണിറ്റാണ്, അതിനാല്‍ ഇന്നോവ റേഞ്ച് കമ്ബനിയുടെ മോഡല്‍ നിരയില്‍ മറ്റുള്ളവയേക്കാള്‍ മുൻപന്തിയില്‍ നില്‍ക്കുന്നു. പന്ത്രണ്ട് മാസം മുമ്ബുള്ള സമാന കാലയളവിലെ എംപിവി മോഡലിന്റെ 3,739 യൂണിറ്റുകളുമായി താരതമ്യപ്പെടുത്തുമ്ബോള്‍, വാര്‍ഷിക വില്‍പ്പന കണക്കില്‍ 119 ശതമാനം വോളിയം മെച്ചപ്പെട്ടതായി രേഖപ്പെടുത്തി എന്നതും ശ്രദ്ധേയമാണ്.

ടൊയോട്ട ഗ്ലാൻസ പ്രീമിയം ഹാച്ച്‌ബാക്ക് 2022 -ലെ ഇതേ കാലയളവിലെ 3,767 യൂണിറ്റുകളില്‍ നിന്ന് 2023 -ല്‍ 4,724 യൂണിറ്റുകളുമായി ബ്രാൻഡിന്റെ വില്‍പ്പന പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി, 25 ശതമാനം വില്‍പ്പന വര്‍ധനയും മാരുതി സുസുക്കി ബലേനോയുടെ റീബാഡ്ജ് പതിപ്പ് കൈവരിച്ചു.

നിലവില്‍ ടൊയോട്ട ഇന്ത്യയില്‍ വാഗ്ദാനം ചെയ്യുന്ന ഏറ്റവും താങ്ങാനാവുന്ന മോഡലാണ് ഗ്ലാൻസ. മാരുതി സുസുക്കി ബലേനോയുടെ ഈ റീബാഡ്ജ് ചെയ്ത പതിപ്പിനൊപ്പം അടുത്ത വര്‍ഷം ടൊയോട്ട അര്‍ബൻ ക്രൂയിസര്‍ ടെയ്‌സറിന്റെ പേരില്‍ മറ്റൊരു ബാഡ്ജ് എഞ്ചിനീയറിംഗ് മോഡലും വിപണിയില്‍ എത്തിക്കാനുള്ള ഒരുക്കത്തിലാണ്.

കോം‌പാക്‌ട് എസ്‌യുവി കൂപ്പെയ്ക്ക് അതിന്റെ ഡോണര്‍ മോഡലായ മാരുതി സുസുക്കി ഫ്രോങ്ക്‌സിനെ അപേക്ഷിച്ച്‌ ചെറിയ എക്സ്റ്റീരിയര്‍, ഇന്റീരിയര്‍ മാറ്റങ്ങള്‍ ലഭിക്കാനിടയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ടൊയോട്ട അര്‍ബൻ ക്രൂയിസര്‍ ഹൈറൈഡര്‍ എസ്‌യുവി 2022 ഒക്ടോബറിലെ 3,384 യൂണിറ്റുകളില്‍ നിന്ന് 3,987 യൂണിറ്റ് വില്‍പ്പനയുമായി മൂന്നാം സ്ഥാനത്തെത്തി. മുൻ വര്‍ഷത്തേക്കാളും 18 ശതമാനം വര്‍ധനയാണ് എസ്‌യുവിയ്ക്ക് ലഭിച്ചത്.

ടൊയോട്ട ഫോര്‍ച്യൂണര്‍ ഫുള്‍ സൈസ് എസ്‌യുവി ബ്രാൻഡിന്റെ ആഭ്യന്തര പോര്‍ട്ട്‌ഫോളിയോയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന നാലാമത്തെ മോഡലായി. 2022 കാലയളവിലെ 2,031 യൂണിറ്റുകളില്‍ നിന്ന് 2023 ഒക്ടോബറില്‍ 2,475 യൂണിറ്റുകളുടെ വില്‍പ്പനയാണ് ഫോര്‍ച്ച്‌യൂണര്‍ രജിസ്റ്റര്‍ ചെയ്തത്. വാര്‍ഷിക വില്‍പ്പന കണക്കുകളില്‍ 22 ശതമാനത്തിന്റെ വളര്‍ച്ചയും ഫുള്‍ സൈസ് എസ്‌യുവി രേഖപ്പെടുത്തി.

അടുത്തിടെ പുറത്തിറക്കിയ ടൊയോട്ട റൂമിയോണ്‍ 792 യൂണിറ്റ് വില്‍പ്പനയുമായി അഞ്ചാം സ്ഥാനത്താണ്. മാരുതി സുസുക്കി എര്‍ട്ടിഗയുടെ റീബാഡ്ജ് പതിപ്പ് ഇന്ത്യൻ വിപണിയില്‍ ട്രാക്ഷൻ നേടി വരുന്നതേയുള്ളൂ. എന്നിരുന്നാലും ഹൈറൈഡറിനും ഹൈക്രോസിനും ഇടിയില്‍ ടൊയോട്ടയുടെ മോഡല്‍ നിരയിലുള്ള ഗ്യാപ്പ് ഫില്‍ ചെയ്യാൻ ഈ എംപിവിയ്ക്ക് സാധിച്ചു.

ടൊയോട്ട കാമ്രി ഹൈബ്രിഡ് 2022 -ലെ 59 യൂണിറ്റുകളില്‍ നിന്ന് 2023 -ല്‍ 197 യൂണിറ്റുകളുടെ വില്‍പ്പന നേടി, പ്രതിവര്‍ഷ വില്‍പ്പന കണക്കില്‍ 234 ശതമാനം വളര്‍ച്ചയാണ് ഹൈബ്രിഡ് സെഡാൻ കരസ്ഥമാക്കിയത്. ജാപ്പനീസ് ബ്രാൻഡിന്റെ മുൻനിര മോഡലുകളായ ടൊയോട്ട ഹൈലക്‌സും വെല്‍ഫയറും യഥാക്രമം ഏഴ്, എട്ട് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

ഹൈലക്സ് ലൈഫ്‌സ്റ്റൈല്‍ പിക്കപ്പ് ട്രക്ക് 2022 കാലയളവിലെ 75 യൂണിറ്റുകളില്‍ നിന്ന് 2023 ഒക്ടോബറില്‍ 181 യൂണിറ്റ് വിറ്റഴിച്ചു, ഇത് പ്രതിവര്‍ഷ കണക്കില്‍ 141 ശതമാനത്തിന്റെ വളര്‍ച്ചയാണ്. എന്നാല്‍ വെല്‍ഫയര്‍ പ്രീമിയം എംപിവി 2022 -ലെ 88 യൂണിറ്റില്‍ നിന്ന് 2023 -ല്‍ 97 ശതമാനം ഇടിവോടെ 3 യൂണിറ്റ് വില്‍പ്പയാണ് സ്വന്തമാക്കിയത് എന്നത് ശ്രദ്ധേയമാണ്.