കൊല്ലം : നഗരത്തിൽ വൻ ലഹരിവേട്ട . വാഹനത്തിൽ കടത്തിക്കൊണ്ടുവന്ന 109 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പൊലീസ് പിടികൂടി. ഒരു കോടി രൂപ വില വരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
അന്യസംസ്ഥാനത്തുനിന്ന് വൻതോതിൽ ലഹരി ഉൽപ്പന്നങ്ങൾ കൊണ്ടുവരുന്നതായി കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിനെതുടർന്ന് കഴിഞ്ഞദിവസം രാത്രി മുതൽ വാഹന പരിശോധന ആരംഭിച്ചിരുന്നു. പരിശോധനയ്ക്കിടയിൽ കൈ കാണിച്ചിട്ട് നിർത്താതെ പോയ വാഹനത്തെ പോലീസ് പിന്തുടരുന്നതിനിടയിൽ ആനന്ദവല്ലിശ്വരം ക്ഷേത്രത്തിന് സമീപം ഡിവൈഡറിൽ ഇടിച്ചു നിർത്തി ഡ്രൈവർ ഓടി രക്ഷപ്പെട്ടു.
അതേസമയം പ്രതിയെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പൊലീസ് അറിയിച്ചു. ഇയാളെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.