ലഹരി വിരുദ്ധ പ്രവർത്തനം :പ്ലസ് ടു, എസ്എസ്എൽസി വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക്

തിരുവനന്തപുരം : ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്ന എസ്എസ്എൽസി പ്ലസ് ടു വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് നൽകാൻ തീരുമാനം.
വിദ്യാർഥികളില്‍ ലഹരി വിരുദ്ധ പ്രവർത്തനവും ബോധവത്കരണവും ഊർജിതമാക്കാൻ മദ്യനയത്തിലാണ് ഈ നിർദേശം. ലഹരി വിരുദ്ധ ക്ലബ്ബുകളിലെ പ്രവർത്തന മികവിന്‍റെ അടിസ്ഥാനത്തിലായിരിക്കും ഗ്രേസ് മാർക്ക്. സ്കൂള്‍/കോളജ് തലത്തില്‍ വിദ്യാർഥികളെ പങ്കെടുപ്പിച്ച്‌ ലഹരിക്കെതിരായ പ്രചാരണം ശക്തിപ്പെടുത്തും. വിദ്യാഭ്യാസ വകുപ്പിന്‍റെ സഹകരണത്തോടെ വിദ്യാർഥികളുടെ പാഠ്യേതര സമയം ഫലപ്രദമായി വിനിയോഗിക്കുന്നതിന് പദ്ധതി ആവിഷ്കരിക്കും.

എല്ലാ വർഷവും ജൂണ്‍ 26 മുതല്‍ ആഗസ്റ്റ് 15 വരെ ലഹരി വിരുദ്ധ തീവ്രയജ്ഞ കാലമായി പ്രഖ്യാപിച്ച്‌ ബോധവത്കരണം സംഘടിപ്പിക്കും. ലഹരിക്കെതിരെ പ്രവർത്തിക്കുന്ന തദ്ദേശ വാർഡുകളിലെ ജനജാഗ്രത സമിതികള്‍ അതത് പ്രദേശത്തെ സ്കൂളുകള്‍ സന്ദർശിച്ച്‌ ലഹരി ഉപയോഗവും ലഹരി വിരുദ്ധ പ്രവർത്തനവും സംബന്ധിച്ച്‌ സോഷ്യല്‍ ഓഡിറ്റിങ് നടത്തും. വിമുക്തി മിഷന്‍റെ പ്രവർത്തനം പ്രൈമറി/അപ്പർ പ്രൈമറി തലത്തിലേക്ക് കൂടി വ്യാപിപ്പിക്കുവാനും തീരുമാനമായി.