ദില്ലി : റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പ്രധാന വായ്‌പാ നിരക്ക് അഥവാ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്‍റ് കുറച്ചു. ഇതോടെ റിപ്പോ നിരക്ക് ആകെ 6% ആയി കുറഞ്ഞു. ഗവർണർ സഞ്ജയ് മൽഹോത്രയുടെ നേതൃത്വത്തിലുള്ള സെൻട്രൽ ബാങ്കിന്‍റെ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) ഏപ്രിൽ 7 ന് ആരംഭിച്ച മൂന്ന് ദിവസത്തെ യോഗത്തിന് പിന്നാലെയാണ് തീരുമാനം. ഫെബ്രുവരിയിലും 25 ബേസിസ് പോയിന്‍റ് കുറച്ചിരുന്നു. തുടര്‍ച്ചയായ രണ്ടാം തവണയാണ് റിപ്പോ നിരക്ക് കുറയ്‌ക്കുന്നത്.
ആർബിഐയുടെ പലിശ നിരക്ക് കുറച്ചതോടെ ഭവന വായ്പക്കാർക്ക് ഇത് ആശ്വാസം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. കാരണം കുറഞ്ഞ പലിശ നിരക്കുകള്‍ സാധാരണയായി കുറഞ്ഞ ഇഎംഐകള്‍ക്ക് കാരണമാകും. എന്നാല്‍ സ്ഥിര നിക്ഷേപം നടത്താനിരിക്കുന്നവർക്ക് ഇത് വലിയ തിരിച്ചടിയാവും. കാരണം ആർബിഐ റിപ്പോ നിരക്ക് കുറച്ചാല്‍ ബാങ്കുകള്‍ നിക്ഷേപ പലിശ നിരക്കുകള്‍ കുറയ്ക്കാൻ സാധ്യതയുണ്ട്. ഫെബ്രുവരി 7ന് 25 ബേസിസ് പോയിൻ്റുകള്‍ കുറച്ചപ്പോഴും ഈ പ്രതിസന്ധി ഉയർന്നിരുന്നു.
ഓഹരി വിപണിയിലെ അസ്ഥിരത കണക്കിലെടുക്കുമ്ബോള്‍, നിക്ഷേപകർ ജാഗ്രത പാലിക്കണം. രാജ്യത്തിൻ്റെ സാമ്പത്തിക വളർച്ചയെ ഉയർത്തുവാനാണ് ആർബിഐ ലക്ഷ്യമിടുന്നതെങ്കിലും, ആഗോള അനിശ്ചിതത്വങ്ങളും വിപണിയിലെ ഏറ്റക്കുറച്ചിലുകളും പണപ്പെരുപ്പവുമെല്ലാം സാമ്പത്തിക വളർച്ചയെ തകർക്കാൻ കാരണമാവും.