മലപ്പുറം : വ്യാവസായിക അടിസ്ഥാനത്തിൽ ലോറിയിൽ കഞ്ചാവ് കടത്തിക്കൊണ്ട് വന്ന കേസിലെ പ്രതികൾക്ക് 15 വർഷം വീതം കഠിന തടവും ഒന്നര ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. മലപ്പുറം എടപ്പറ്റ സ്വദേശികളായ മുഹമ്മദ് ഫായിസ് (25 വയസ്), ബാദുഷ (30 വയസ്), കട്ടപ്പന സ്വദേശി ജിഷ്ണു ബിജു (28 വയസ്) എന്നിവരെയാണ് പാലക്കാട് സെഷൻസ് കോടതി-lll ജഡ്ജ് കെ.പി.തങ്കച്ചൻ ശിക്ഷിച്ചത്.
2021 ഏപ്രിൽ ആയിരുന്നു സംഭവം. പാലക്കാട് എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടറായിരുന്ന പി.കെ.സതീഷിന്റെ നേതൃത്വത്തിൽ വാളയാറിന് സമീപം വച്ചാണ് കഞ്ചാവുമായി വന്ന ലോറി പിടികൂടിയത്. പരിശോധനയിൽ 328 പാക്കറ്റുകളിലായി 757.455 കിലോഗ്രാം കഞ്ചാവ് പിടികൂടിയിരുന്നു .
എറണാകുളം എക്സൈസ് ക്രൈം ബ്രാഞ്ച് അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ ആയിരുന്ന അഗസ്റ്റിൻ ജോസഫാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് എറണാകുളം എക്സൈസ് ക്രൈം ബ്രാഞ്ച് അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ ടി.എം.കാസിം ആണ്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യുട്ടർ പി.അനിലും, എൻ ടി പി എസ് സ്പെഷ്യൽ പ്രോസിക്യൂട്ടർ ശ്രീനാഥ് വേണും, അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്.സിദ്ധാർഥനും ഹാജരായി.