അച്ഛനമ്മമാർ ആശുപത്രിയിൽ ഉപേക്ഷിച്ച കുഞ്ഞിന് സർക്കാർ സംരക്ഷണമൊരുക്കും

തിരുവനന്തപുരം : അച്ഛനമ്മമാർ ആശുപത്രി ഐ.സി.യുവിൽ ഉപേക്ഷിച്ച് പോയ 23 ദിവസം പ്രായമായ നവജാത ശിശുവിന് വനിത ശിശു വികസന വകുപ്പ് സംരക്ഷണമൊരുക്കുമെന്ന് ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതുസംബന്ധിച്ച് വനിത ശിശുവികസന വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. വനിത ശിശുവികസന വകുപ്പ് ജില്ലാ ഓഫീസർ ആശുപത്രി സന്ദർശിച്ച് തുടർ നടപടികൾ സ്വീകരിക്കും. മാതാപിതാക്കൾ തിരിച്ചു വരുന്നെങ്കിൽ കുഞ്ഞിനെ അവർക്ക് കൈമാറും. കുഞ്ഞിനെ മാതാപിതാക്കൾക്ക് ഇനി വേണ്ട എന്നാണെങ്കിൽ നിയമപരമായ നടപടികളിലൂടെ കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുക്കും. കുഞ്ഞിന് ഇനിയുള്ള ചികിത്സ ഉറപ്പാക്കാൻ എറണാകുളം ജനറൽ ആശുപത്രി സൂപ്രണ്ടിന് നിർദേശം നൽകി.
കോട്ടയത്തെ ഫിഷ് ഫാമിൽ ജോലി ചെയ്തിരുന്ന ജാർഖണ്ഡ് സ്വദേശികളായ ദമ്പതികൾ, പ്രസവത്തിനായി നാട്ടിലേക്ക് പോകുന്ന സമയത്താണ് ട്രെയിനിൽ വച്ച് ഭാര്യയ്ക്ക് അസ്വസ്ഥതകളുണ്ടായത്. തുടർന്ന് തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിക്കുകയും പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. ഒരു കിലോയിൽ താഴെ മാത്രം ഭാരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി കുഞ്ഞിനെ അവർ സ്വകാര്യ ആശുപത്രിയിലെ എൻ.ഐ.സി.യുവിലേയ്ക്ക് മാറ്റി. പിന്നീട് അച്ഛനേയും അമ്മയേയും കാണാതെയായി. അവരുമായി ബന്ധപ്പെടാനും സാധിച്ചിട്ടില്ലാ എന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.