കൊല്ലത്ത് ഭാര്യയെ ഭർത്താവ് പെട്രോൾ ഒഴിച്ച് കൊലപ്പെടുത്തി

കൊല്ലം : കാറിൽ സഞ്ചരിക്കുകയായിരുന്ന ഭാര്യയെ ഭർത്താവ് പെട്രോൾ ഒഴിച്ച് കൊലപ്പെടുത്തി. കൊല്ലം തഴുത്തല സ്വദേശി അനില ആണ് മരിച്ചത്. ഒപ്പം സഞ്ചരിച്ച ആൺ സുഹൃത്തിനും പൊള്ളലേറ്റു. ഭർത്താവ് പത്മരാജൻ പോലീസിന് കീഴടക്കി.
കാറിൽ സഞ്ചരിക്കുകയായിരുന്ന ഇരുവരെയും പിന്നാലെ മറ്റൊരു കാറിൽ പിന്തുടർന്നെത്തിയ ഭർത്താവ് ചെമ്മാമുക്കിൽ വച്ച് കാർ തടയുകയും കൈയിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ച് കത്തിക്കുകയും ആയിരുന്നു. വലിയ ശബ്ദത്തോടെ കത്തിയ കാറിൽ നിന്നും പുറത്തേക്ക് ചാടിയ യുവാവിനെ സംഭവസ്ഥലത്ത് ഉണ്ടായിരുന്നവരാണ് രക്ഷപ്പെടുത്തിയത്.
ദേഹമാസകലം പൊള്ളലേറ്റ യുവതി പുറത്തേക്ക് ഇറങ്ങിയെങ്കിലും സംഭവസ്ഥലത്തുതന്നെ മരിക്കുകയായിരുന്നു. മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.
പരിക്കേറ്റ സോണി എന്ന യുവാവിനെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിച്ചു. ആശ്രാമത്ത് സ്വകാര്യ ആശുപത്രിക്ക് സമീപം പാർട്ണർഷിപ്പിൽ സ്ഥാപനം നടത്തുകയാണ് അനില. അനിലയുടെ ആൺ സുഹൃത്തിനെ ആയിരുന്നു ലക്ഷ്യം വച്ചതെങ്കിലും സംഭവം നടക്കുമ്പോൾ സ്ഥാപനത്തിലെ ജീവനക്കാരനായ സോണിയായിരുന്നു ഒപ്പം ഉണ്ടായിരുന്നത്. കൃത്യം നടത്തിയ ശേഷം പത്മരാജൻ പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു.