കോടതിവിധി സർക്കാർ അനുസരിക്കുന്നില്ല ; സ്വകാര്യ ബസ്സുടമകൾ സമരത്തിലേക്ക്

കൊച്ചി : കോടതിവിധി നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് സ്വകാര്യ ബസ്സുടമകൾ സമരത്തിലേക്ക്. 140 കിലോ മീറ്ററിൽ കൂടുതൽ ദൈർഘ്യമുള്ള സ്വകാര്യ ബസുകൾക്ക് പെർമിറ്റുകൾ നൽകാൻ ഹൈക്കോടതി ഉത്തരവിട്ടിട്ടും ദീർഘദൂര ബസുകൾക്ക് പെർമിറ്റ് പുതുക്കി നൽകാത്ത സാഹചര്യത്തിലാണ് പണിമുടക്കിന് സ്വകാര്യ ബസുടമകൾ തയ്യാറെടുക്കുന്നത്.

2023 മെയ് 4 മുതലാണ് സ്വകാര്യ ബസുകൾക്ക് 140 കിലോ മീറ്ററിൽ താഴെ മാത്രം പെർമിറ്റ് നൽകിയാൽ മതിയെന്ന് സർക്കാർ തീരുമാനിച്ചത്. മോട്ടാർ വാഹന ചട്ടത്തിൽ ഭേദഗതി വരുത്തിയായിരുന്നു സർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. എന്നാൽ ഇതിനെ ചോദ്യം ചെയ്ത് ബസ് ഉടമകൾ ഹൈക്കോടതിയെ സമീപിച്ചു. ഈ മാസം ആറാം തിയതി ഹൈക്കോടതി ഈ ഉത്തരവ് റദ്ദാക്കി. ഹൈക്കോടതി ഉത്തരവ് ഇട്ടിട്ടും സർക്കാർ പെർമിറ്റ് പുതുക്കി നൽകാൻ തയ്യാറാകുന്നില്ലെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ പരാതി.