സാമ്പത്തിക തട്ടിപ്പ് നടത്തിയ പഞ്ചായത്ത് സെക്രട്ടറിയ്ക്കും ക്ലർക്കിനും 10വർഷം തടവ് ശിക്ഷ.

കോട്ടയം : സാമ്പത്തിക ക്രമക്കേട് നടത്തിയ മുൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെയും ക്ലാർക്കിനെയും കഠിന തടവിന് ശിക്ഷിച്ചു.
കോട്ടയം ജില്ലയിലെ മുണ്ടക്കയം മുൻ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയായ പി.കെ സോമനെയും ക്ലാർക്കായിരുന്ന പി.കെ. റഷീദിനെയും സാമ്പത്തിക ക്രമക്കേട് നടത്തിയതിന് വിവിധ വകുപ്പുകളിലായി 10 വർഷം വീതം കഠിന തടവിനും 3 ലക്ഷം രൂപ വീതം പിഴയും ഒടുക്കാൻ കോട്ടയം വിജിലൻസ് കോടതി ശിക്ഷിച്ചു.
2003-2006 കാലഘട്ടത്തിൽ മുണ്ടക്കയം ടൌൺ ബൈപ്പാസ് റോഡിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് വരുന്ന പ്രോജക്ടിന്റെ നടത്തിപ്പിനായി ഡിസ്ട്രിക്ട് റൂറൽ ഡവലപ്മെന്റ് ഏജൻസി വഴി 99.9 മെട്രിക് ടൺ അരി മുണ്ടക്കയം ഗ്രാമ പഞ്ചായത്തിന് അനുവദിച്ചിരുന്നു.ബൈപ്പാസ് പണി ഉപേക്ഷിച്ചപ്പോൾ അനുവദിച്ച അരി മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പി.കെ സോമനും ക്ലാർക്കായിരുന്ന പി.കെ. റഷീദും ചേർന്ന് മറിച്ച് വിറ്റതുവഴി സർക്കാരിന് 12,33,765 രൂപ നഷ്ടമുണ്ടാക്കിയതിന് കോട്ടയം വിജിലൻസ് യൂണിറ്റാണ് അന്വേഷണം നടത്തിയത്.