ജമ്മു കശ്മീരില്‍ ഭീകര സംഘടനയുടെ റിക്രൂട്ട്മെന്റ് കേന്ദ്രം സുരക്ഷാ സേന തകര്‍ത്തു. നിരോധിത സംഘടനയായ ലഷ്കര്‍ ഇ തയ്ബയുടെ ഭാഗമെന്ന് കരുതുന്ന തെഹ്രികെ ലബൈക് യാ മുസ്ലീം ഭീകരസംഘടനയുടെ റിക്രൂട്ട്മെന്റ് കേന്ദ്രമാണ് തകർത്തത്.
ജമ്മു കശ്മീരില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ഭീകരാക്രമണത്തില്‍ ഏഴുപേർ കൊല്ലപ്പെട്ടിരുന്നു . ഗന്ദര്‍ബാല്‍ ജില്ലയിലെ ഗഗന്‍ഗിറിലെ നിര്‍മാണ സൈറ്റിലാണ് ഭീകരാക്രമണം ഉണ്ടായത്. ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ജമ്മു കശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ ജമ്മു കശ്മീര്‍ പൊലീസിന്റെ കൗണ്ടര്‍ ഇന്റലിജന്‍സ് വിഭാഗം വ്യാപക റെയ്ഡ് ആണ് നടത്തുന്നത്. അതിനിടെയാണ് തെഹ്രികെ ലബൈക് യാ മുസ്ലീം ഭീകരസംഘടനയുടെ പൂഞ്ചിലെ റിക്രൂട്ട്മെന്റ് കേന്ദ്രം തകര്‍ത്തത്. ഏഴുപേരെ കസ്റ്റഡിയിലെടുക്കുകയും ഫോണുകളും ലാപ്ടോപുകളും പിടിച്ചെടുക്കുകയും ചെയ്തു. വിവിധ ജില്ലകളില്‍ ജമ്മു കശ്മീര്‍ പൊലീസിന്റെ റെയ്ഡ് തുടരുകയാണ്. ‘ബാബ ഹമാസ്’ എന്നറിയപ്പെടുന്ന ഒരു പാകിസ്ഥാന് ഭീകരനാണ് തെഹ്രികെ ലബൈക് യാ മുസ്ലീം ഭീകരസംഘടന മേല്‍നോട്ടം വഹിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.