കോഴി കച്ചവടത്തിന്റെ മറവിൽ വൻ ലഹരി കച്ചവടം ; 200 കിലോ പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

കൊല്ലം: നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി.കൊല്ലം എക്സൈസ് റേഞ്ച് അസി. എക്‌സൈസ് ഇൻസ്പെക്ടർ ആർ. രജിത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ
മുണ്ടക്കൽ വില്ലേജിൽ മണിയൻകുളം രാജ നിവാസിൽ രാജ(36)യുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന 200 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്.
ഇയാൾക്കെതിരെ COTPA നിയമപ്രകാരം കേസെടുത്തു.
കോഴിയിറച്ചി വ്യാപാരത്തിന്റെ മറവിലായിരുന്നു നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിവന്നിരുന്നത്.
സമീപപ്രദേശങ്ങളിലെ കടകൾക്ക് വിൽപ്പനക്കായി പുകയില ഉൽപ്പന്നങ്ങൾ തൂക്കി നൽകുന്നത് ഇവിടെ നിന്നാണ്. തൂക്കാൻ ഉപയോഗിക്കുന്ന ഇലക്ട്രോണിക്സ് ത്രാസും പിടിച്ചെടുത്തു.
നിരവധി ആൾക്കാർ രാത്രിയും പകലും ഈ വീട്ടിൽ വന്ന് പോകുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ഷാഡോ സംഘം നിരന്തരം നിരീക്ഷണം നടത്തിയതിനുശേഷമാണ് പരിശോധന നടത്തിയത്.
പരിശോധനയിൽ ഗ്രേഡ് അസി. എക്സൈസ് ഇൻസ്പെക്ടർമാരായ ആർ. ജി വിനോദ് ,ജി.ശ്രീകുമാർ , ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർ മാരായ എസ്.അനീഷ് കുമാർ , റ്റി.ആർ ജ്യോതി , സിവിൽ എക്സൈസ് ഓഫീസർ എസ്. ആദിൽഷ , ഡ്രൈവർ ജി.സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.