ആലപ്പുഴ : മന്ത്രി പദവി കൈമാറ്റത്തിൽ മൗനം പാലിക്കുന്ന മുഖ്യമന്ത്രിക്കെതിരെ എൻസിപി എംഎൽഎ തോമസ് കെ തോമസ്.
എൻസിപി ദേശീയ അധ്യക്ഷൻ ശരത് പവാർ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടും മന്ത്രിസ്ഥാന കൈമാറ്റത്തിൽ മുഖ്യമന്ത്രി മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് തോമസ് കെ തോമസ് പറഞ്ഞു. തന്റെ അയോഗ്യത എന്താണെന്ന് മുഖ്യമന്ത്രി പറയണമെന്നും ഇനിയും തന്നെ അപമാനിക്കരുതെന്നും തോമസ് കെ തോമസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പിണറായി വിജയന്റെ ഇരുമന്ത്രിസഭയിലും മന്ത്രിയായിരുന്ന എ കെ ശശീന്ദ്രനെ മാറ്റി കുട്ടനാടൻ എംഎൽഎ തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്ന് ജില്ലാ പ്രസിഡന്റുമാരുടെ യോഗത്തിൽ തീരുമാനം ഉണ്ടായിരുന്നു. തീരുമാനത്തെ അനുകൂലിച്ച് പി.സി ചാക്കോ രംഗത്തും വന്നിരുന്നു.
എന്നാൽ മന്ത്രിസ്ഥാനം രാജിവെക്കുന്ന തീരുമാനത്തിനോട് എതിർപ്പ് അറിയിച്ച ശശീന്ദ്രൻ മന്ത്രിസ്ഥാനം രാജിവയ്ക്കുകയാണെങ്കിൽ എംഎൽഎ സ്ഥാനവും രാജിവയ്ക്കുമെന്ന് പാർട്ടി നേതൃത്വത്തെ അറിയിച്ചിരുന്നതയാണ് ശശീന്ദ്രനോട് ചേർന്നുനിൽക്കുന്നവർ പറയുന്നത്.