നാമക്കൽ : തൃശൂരിലെ എടിഎം കവർച്ച കേസിലെ പ്രതികളെ ഏറ്റുമുട്ടലിലൂടെ പിടികൂടി തമിഴ്നാട് പോലീസ്.ഏറ്റുമുട്ടലിൽ പ്രതികളിൽ ഒരാൾ കൊല്ലപ്പെട്ടു.ആക്രമണത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥന് കാലിനു വെടിയേറ്റു. ആറുപേരാണ് പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്. പിടിയിലായവർ രാജസ്ഥാൻ സ്വദേശികളാണ്.
തൃശ്ശൂരിൽ നിന്ന് കവർച്ച നടത്തിയ ശേഷം കണ്ടയ്നറിൽ രക്ഷപ്പെടാൻ ശ്രമിക്കവെ നാമക്കൽ പച്ചപാളയത്ത് വച്ച് കാറുകളിലും ബൈക്കുകളിലും ഇടിച്ചിട്ടും നിർത്താതെ പോയത് സംശയത്തിനിടയാക്കി. തുടർന്ന് തമിഴ്നാട് പോലീസ് വാഹനം പിന്തുടർന്ന് തടയാൻ ശ്രമിച്ചതോടെയാണ് പ്രതികൾ വെടിവെച്ചത്. വെടിവെപ്പിൽ ഒരു പോലീസുകാരന് കാലിന് പരിക്കേറ്റു.തുടർന്ന് നടത്തിയ പ്രത്യാക്രമണത്തിലാണ് പ്രതികളിൽ ഒരാൾ കൊല്ലപ്പെട്ടത്.
തൃശ്ശൂരിൽ കവർച്ചയ്ക്കായി പ്രതികൾ എത്തിയ കാറും പണവും കണ്ടയ്നറിനുള്ളിൽ നിന്ന് കണ്ടെത്തി. പ്രതികളിൽ നിന്ന് തോക്കുകളും മറ്റായുധങ്ങളും പിടികൂടിയിട്ടുണ്ട്.
പിടിയിലായവർ ആന്ധ്ര തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ പ്രദേശങ്ങളിൽ മോഷണം നടത്തിയിട്ടുള്ളതായാണ് ലഭ്യമായ വിവരങ്ങൾ.
മോഷണം നടത്താൻ എത്തിയ കാറിൽ രക്ഷപ്പെടുന്നത് ദുഷ്കരമായതിനാലാണ് കണ്ടെയ്നറിൽ സംസ്ഥാനം വിട്ടത്.
തൃശ്ശൂർ പോലീസ് സിറ്റി കമ്മീഷണറുടെ വിവരം ലഭിച്ചതിനെ തുടർന്ന് തമിഴ്നാട് പോലീസ് ജാഗരൂകരായി പ്രവർത്തിച്ചതിനാലാണ് പ്രതികളെ പിടികൂടാൻ കഴിഞ്ഞത്.