കണ്ണൂർ : ഓണ്‍ലൈന്‍ നിക്ഷേപത്തട്ടിപ്പിലെ പ്രതിയെ ഹൈദരാബാദില്‍ നിന്ന് പിടികൂടി കണ്ണൂര്‍ പോലീസ്.
കണ്ണൂര്‍ പുതിയതെരുവ് സ്വദേശിയായ പ്രവാസിയുടെ 29.25 ലക്ഷം രൂപയാണ് ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിംഗിലൂടെ തട്ടിയെടുത്തത്. വാട്സാപ്പിലൂടെ പരിചയപ്പെട്ടയാള്‍ വഴിയാണ് നിക്ഷേപം നടത്തിയിരുന്നത്. നിക്ഷേപിച്ച തുക പിന്‍വലിക്കാന്‍ കഴിയാഞ്ഞപ്പോഴാണ് തട്ടിപ്പാണെന്ന് പരാതിക്കാരന് മനസ്സിലായത്.
പല അക്കൗണ്ടുകളിലേക്ക് തവണകളായാണ് പണം നിക്ഷേപിച്ചിരുന്നത്. അതില്‍ 18.75 ലക്ഷം രൂപ നിക്ഷേപിച്ച അക്കൗണ്ടിന്‍റെ ഉടമയുടെ വിവരങ്ങള്‍ കണ്ണൂര്‍ സൈബര്‍ പൊലീസ് അന്വേഷണസംഘത്തിന് ലഭിച്ചു. ഹൈദരാബാദ് കാലാപത്തല്‍ സ്വദേശി സയ്യിദ് ഇക്ബാല്‍ ഹുസൈന്‍റെ അക്കൗണ്ടായിരുന്നു അത്. പ്രതിയെ തിരിച്ചറിഞ്ഞ് നീക്കങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിച്ച പോലീസിന് അയാള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തത് വെല്ലുവിളിയായി. ബാങ്കില്‍ നല്‍കിയിരുന്ന ആധാറിലെ വിലാസത്തില്‍ പോലീസ് പ്രതിയെ അന്വേഷിച്ച് എത്തിയെങ്കിലും കണ്ടെത്താനായില്ല.
ഹുസൈന്‍റെ പേരിലുള്ള അക്കൗണ്ടുമായിബന്ധപ്പെട്ട് കേരളത്തില്‍ തന്നെ അഞ്ച് പരാതികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടാതെ നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടലില്‍ ഇരുന്നൂറിലധികം തവണ റിപ്പോര്‍ട്ട് ആയിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ എട്ട് കോടിയില്‍ പരം രൂപയാണ് ഇരുന്നൂറിലധികം ഇടപാടുകള്‍ വഴി ഈ അക്കൗണ്ടിലേക്ക് എത്തിയത്. അക്കൗണ്ടിലേക്ക് വരുന്ന പണം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിയിരുന്നു.
നിക്ഷേപത്തട്ടിപ്പില്‍ ഹുസൈനെ തിരഞ്ഞ് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് പോലീസ് എത്തിയിരുന്നതിനാല്‍ അയാള്‍ കുടുംബത്തോടൊപ്പം ഒളിവില്‍ പോയി. പ്രദേശവാസികളോട് അന്വേഷിച്ചതില്‍ പ്രതിയുടെ ഭാര്യ കാലാപത്തല്‍ സ്കൂളില്‍ ടൈലറിംഗ് ക്ലാസ് എടുക്കുന്നതായി വിവരം ലഭിച്ചു. സ്കൂളില്‍നിന്ന് ഭാര്യയെ കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയപ്പോള്‍ കണ്ണൂര്‍ പോലീസ് സംഘം കാലാപത്തല്‍ പോലീസിന്‍റെ സഹായത്തോടെ പ്രതിയെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. സംഘത്തിലെ മറ്റ് പ്രതികള്‍ക്കായി അന്വേഷണം തുടരുന്നു.
കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അജിത് കുമാറിന്‍റെ നിര്‍ദ്ദേശപ്രകാരം കണ്ണൂര്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ സജേഷ് സി ജോസ്, എസ് സി പി ഒ സിന്ധു പി, സിപിഒമാരായ സനൂപ് കെ, റെയീസുദ്ദീന്‍ എന്നിവര്‍ ഉള്‍പ്പെട്ട അന്വേഷണസംഘമാണ് ഹൈദരാബാദിലെത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.