തിരുവനന്തപുരം : ഭരണകക്ഷിയിലെ സ്വതന്ത്ര എംഎൽഎ പി.വി അൻവർ ഉയർത്തി വിട്ട ആരോപണങ്ങൾക്ക് ബലിയാടായി സുജിത്ത് ദാസ് ഐപിഎസ്.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി അഡീഷണൽ ഡിജിപി അജിത് കുമാർ, സുജിത് കുമാർ എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങൾ പി വി അൻവർ ഉന്നയിച്ചിരുന്നെങ്കിലും സുജിത് കുമാറിനെതിരെ മാത്രമാണ് നടപടി എടുത്തത്.ഡിജിപിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ ഓർഡർ പുറത്തിറക്കിയത്. സുജിത്ത് ദാസ് ഗുരുതര ചട്ടലംഘനം നടത്തിയെന്നാണ് ഡിജിപിയുടെ കണ്ടെത്തൽ.
ആഭ്യന്തര മന്ത്രി എന്ന നിലയിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണ് സസ്പെൻഷൻ ഓർഡർ പുറത്തിറങ്ങിയത്.
അജിത് കുമാറിനെതിരെ കൊലപാതക കുറ്റംവരെ പി വി അൻവർ എംഎൽഎ മാധ്യമപ്രവർത്തകർക്ക് മുന്നിൽ വെളിപ്പെടുത്തിയിരുന്നു. അജിത് കുമാറിനെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. എന്നാൽ സുജിത്ത് ദാസ് ഐ.പി.എസിനെതിരെ മാത്രമാണ് നടപടി സ്വീകരിച്ചത്.
സുജിത്ത് ദാസ് മലപ്പുറം എസ്പി ആയിരുന്ന സമയത്ത് ഔദ്യോഗിക വസതിയിലെ തേക്ക് മരം മുറിച്ചു കടത്തിയതിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പി വി അൻവർ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ഇട്ടതിനെ തുടർന്ന് സുജിത്ത് ദാസ് അൻവറിനെ ഫോണിൽ വിളിച്ച് പോസ്റ്റ് പിൻവലിക്കണമെന്ന് അഭ്യർത്ഥിക്കുകയും, പരാതിയിൽ നിന്ന് പിന്മാറിയാൽ താൻ വിനീതവിധേയനായി ഒപ്പം നിന്നു കൊള്ളാമെന്നും പറയുന്ന വോയിസ് ക്ലിപ്പ് പി വി അൻവർ എംഎൽഎ പുറത്തുവിട്ടിരുന്നു.