തിരുവനന്തപുരം :പ്രവാസി വനിതകൾക്കായി നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിന്റെ (NBFC) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഏകദിന സൗജന്യ സംരംഭകത്വ ശിൽപശാല സെപ്റ്റംബറിൽ എറണാകുളത്ത് നടക്കും. കളമശ്ശേരി കീഡ് കാമ്പസിൽ നടക്കുന്ന ശിൽപശാലയിൽ പങ്കെടുക്കാൻ താൽപര്യമുളളവർ ആഗസ്റ്റ് 20 നു മുൻപായി ഇ-മെയിൽ/ ഫോൺ മുഖാന്തിരം രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി അറിയിച്ചു. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്കു മാത്രമാകും പ്രവേശനം. ഇതിനായി 0471-2770534/ +91-8592958677 നമ്പറിലോ (പ്രവൃത്തി ദിനങ്ങളിൽ-ഓഫീസ് സമയത്ത്) nbfc.coordinator@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടേണ്ടതാണ്.
നാട്ടിൽ തിരിച്ചെത്തിയ പ്രവാസി വനിതകൾക്ക് ബിസിനസ്സ് സംരംഭങ്ങളോ സ്വയംതൊഴിലോ ആരംഭിക്കുന്നതിനും നിലവിലുളളവ വിപുലീകരിക്കുന്നതിനും സഹായകരമാകുന്നതാണ് പരിശീലനം. ഉചിതമായ സംരംഭക പദ്ധതികൾ തെരഞ്ഞെടുക്കുന്നതിനും ബാങ്ക് വായ്പകളുടെ സാധ്യതകൾ, നോർക്ക റൂട്ട്സ് വഴി നൽകിവരുന്ന സേവനങ്ങൾ എന്നിവ സംബന്ധിച്ചും അവബോധം നൽകുന്നതിനും ലക്ഷ്യമിട്ടാണ് ശിൽപശാല. സംസ്ഥാനത്ത് പ്രവാസി സംരംഭങ്ങൾ പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം നോർക്ക സെന്ററിൽ പ്രവർത്തിക്കുന്ന ഏകജാലക സംവിധാനമാണ് എൻ.ബി.എഫ്.സി. കൂടുതൽ വിവരങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802012345 (വിദേശത്തുനിന്നും, മിസ്ഡ് കോൾ സർവീസ്) ബന്ധപ്പെടാവുന്നതാണ്.