അവശ്യസര്‍വീസ് ജീവനക്കാർക്ക് പോസ്റ്റല്‍ വോട്ടെടുപ്പ് തുടങ്ങി

തിരുവനന്തപുരം :ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ആബ്സന്റീ വിഭാഗത്തിൽപ്പെട്ട അവശ്യസര്‍വീസ് ജീവനക്കാർക്കുള്ള (എ.വി.ഇ.എസ്) പോസ്റ്റല്‍ വോട്ടെടുപ്പിന് തുടക്കമായി. കളക്ടറേറ്റിലുള്ള പ്രത്യേകം സജ്ജീകരിച്ച പോസ്റ്റല്‍ വോട്ടിങ് സെന്ററിലാണ് വോട്ട് രേഖപ്പെടുത്തുന്നത്. ഏപ്രില്‍ 23 വരെ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ചുവരെ വോട്ട് രേഖപ്പെടുത്താൻ അവസരമുണ്ട്.

ഫോം 12 ഡിയില്‍ വരണാധികാരിക്ക് അപേക്ഷ നല്‍കിയ പോളിങ് ദിവസം ഡ്യൂട്ടിയിലുള്ള അവശ്യസര്‍വീസ് ജീവനക്കാര്‍ക്കാണ് വോട്ട് ചെയ്യാന്‍ അവസരം. പോളിങ് സ്‌റ്റേഷന് സമാനമായ സുരക്ഷാ സംവിധാനങ്ങളോട് കൂടിയാണ് പോസ്റ്റല്‍ വോട്ടിങ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.

സംസ്ഥാനത്ത് പൊലീസ്, അഗ്നിരക്ഷാസേന, ജയില്‍, എക്സൈസ്, മില്‍മ, ഇലക്ട്രിസിറ്റി, ജലഅതോറിറ്റി, കെ.എസ്.ആര്‍.ടി.സി, ട്രഷറി, ആരോഗ്യ സര്‍വീസസ്, വനം, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളായ ഓള്‍ ഇന്ത്യ റേഡിയോ, ദൂരദര്‍ശന്‍, ബി.എസ്.എന്‍.എല്‍, റെയില്‍വേ, പോസ്റ്റ് ആന്‍ഡ് ടെലഗ്രാഫ്, മാധ്യമപ്രവര്‍ത്തകര്‍, കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് എന്നിവയെയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ അവശ്യസര്‍വീസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.