പാലക്കാട് മുൻ ഡിസിസി പ്രസിഡന്റ് എ വി ഗോപിനാഥ് എൽഡിഎഫിനൊപ്പം

പാലക്കാട് : മുൻ ഡിസിസി പ്രസിഡന്റും മുൻ എംഎൽഎയുമായ എ വി ഗോപിനാഥ് ഇനി സിപിഎമ്മിനൊപ്പം.
പെരിങ്ങോട്ടുകുറിശ്ശിയിൽ അദ്ദേഹം വിളിച്ചുചേർത്ത പൊതുസമ്മേളനത്തിലാണ് തീരുമാനം അറിയിച്ചത്.
എൽഡിഎഫ് സ്ഥാനാർഥി കെ രാധാകൃഷ്ണന് വോട്ട് ചെയ്യുമെന്നും അദ്ദേഹത്തിന് വേണ്ടി പ്രവർത്തിക്കുമെന്നും എ വി ഗോപിനാഥ് പറഞ്ഞു. കെ രാധാകൃഷ്ണന്റെ ജയം പെരിങ്ങോട്ടുകുറിശ്ശിയുടെ ജയമായിരിക്കും.
എ കെ ബാലൻ മന്ത്രിയായപ്പോൾ പെരിങ്ങാട്ടുകുറിശ്ശിയെ ചേർത്തുപിടിച്ചെന്നും അദ്ദേഹം പറഞ്ഞു.
നവകേരള സദസ്സിൽ പങ്കെടുത്ത് ഗോപിനാഥ് നേരത്തെ സിപിഎമ്മിനോടുള്ള അനുഭാവം വ്യക്തമാക്കിയിരുന്നു.
അന്ന് സിപിഎം ജില്ലാ സെക്രട്ടറിയോടൊപ്പം അദ്ദേഹത്തിന്റെ കാറിലാണ് നവ കേരള സദസിൽ പങ്കെടുക്കാനായി ഗോപിനാഥ് എത്തിയത് .

പത്തു വര്‍ഷമായി പാര്‍ട്ടി നേതാക്കള്‍ തന്നെ ചവിട്ടിമെതിക്കുകയാണെന്ന് ആരോപിച്ചാണ് കോൺഗ്രസ് എ വിഭാഗത്തിന്റെ പാലക്കാട് ജില്ലയിലെ പ്രമുഖ നേതാവായ ഗോപിനാഥ് പാർട്ടിയിൽ നിന്ന് 2021ൽ രാജിവെച്ചത്. 
കെ സുധാകരവുമായി രാഷ്ട്രീയത്തിനപ്പുറമുള്ള ബന്ധം കാത്തു സൂക്ഷിക്കുന്ന നേതാവാണ് ഗോപിനാഥ്.