അമിതഭാരം കയറ്റി വന്ന ടോറസുകളെ മിന്നൽ പരിശോധനയിലൂടെ വിജിലൻസ് പിടികൂടി

പാലക്കാട്‌ : അമിതഭാരം കയറ്റിയ ടോറസ് വാഹനങ്ങളില്‍ നിന്നും വിജിലന്‍സ് മിന്നല്‍ പരിശോധനയില്‍ 13.22 ലക്ഷം രൂപ പിഴ ചുമത്തി
പാലക്കാട് ജില്ലയിലെ കരിങ്കല്‍ ക്വാറികളില്‍ പാലക്കാട് വിജിലന്‍സ് യൂണിറ്റ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കരിങ്കല്‍ കയറ്റിയ 14 ഓളം ടിപ്പറുകളിലും ടോറസ് ലോറികളിലും പെര്‍മിറ്റിന് വിരുദ്ധമായി അമിത ഭാരം കയറ്റി മതിയായ ജി.എസ്.ടി, ജിയോളജി പാസുകളോ മറ്റ് രേഖകളോ ഇല്ലാതെ ക്വാറി, ക്രഷര്‍ ഉടമകളുടെ ഒത്താശയോടുകൂടിയും, ജി.എസ്.ടി, ആര്‍.ടി.ഒ, ജിയോളജി എന്നീ ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടുകൂടിയും അളവില്‍ കൂടുതല്‍ അമിത ഭാരത്തിലും വാഹനങ്ങളുടെ പെര്‍മിറ്റിലും കൂടുതലായി കയറ്റി പോവുന്നത് വഴി റോയലിറ്റി ഇനത്തിലും നികുതി ഇനത്തിലും ദിനംപ്രതി സര്‍ക്കാരിന് ലക്ഷങ്ങളുടെ സാമ്പത്തിക നഷ്ടം വരുത്തിയെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഡയറക്ടറുടെ ഉത്തരവനുസരിച്ച് പാലക്കാട് വിജിലന്‍സ് ഡി.വൈ.എസ്.പിയുടെ നിര്‍ദ്ദേശാനുസരണം വിജിലന്‍സ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ വടനാംകുറിശ്ശി കേന്ദ്രീകരിച്ച് അമിത ഭാരം കയറ്റിയ 14 ടോറസ് വാഹനങ്ങളെ ഭാരപരിശോധന നടത്തി മോട്ടോർ വാഹന വകുപ്പിന് കൈമാറിയതില്‍ പിഴയായി 539500 രൂപയും ജി എസ് ടി നികുതി ഇനത്തില്‍ ചുമത്തിയ 70918രൂപയും ജിയോളജി വകുപ്പ് റോയല്‍റ്റി ഇനത്തില്‍ 712469 ചുമത്തുകയുണ്ടായി .

മിന്നല്‍ പരിശോധനയില്‍ ഇന്‍സ്പെക്ടര്‍മാരായ മിഥുന്‍ ഡി, അരുണ്‍പ്രസാദ്. എസ്, ഗസ്റ്റഡ് ഉദ്യോഗസ്ഥനായ ശ്രീ. വ്യാസ്, അഗ്രിക്കള്‍ച്ചര്‍ അസി ഡയറക്ടര്‍, ഷൊര്‍ണ്ണൂര്‍ എസ്.ഐ മാരായ സുരേന്ദ്രന്‍ ബി, ശശി ടി ആര്‍, അശോകന്‍.കെ, എസ്.സി.പി.ഒ മാരായ ഉവൈസ്.കെ രാജേഷ്. ആര്‍, സുബാഷ്, ഷാനവാസ്.കെ സി പി ഒ മാരായ സുജിത്ത്, സന്തോഷ്, ജിതിന്‍ മാത്യു എന്നിവര്‍ പങ്കെടുത്തു.