തിരുവനന്തപുരം : രഞ്ജി ട്രോഫിയില്‍ ആദ്യ ഇന്നിങ്‌സില്‍ കേരളത്തിന് ബാറ്റിങ് തകര്‍ച്ച. മുംബൈയ്‌ക്കെതിരെ ലീഡ് നേടാനുള്ള സുവര്‍ണാവസരം കളഞ്ഞ കേരളം ഏഴ് റണ്ണിന്റെ ലീഡ് വഴങ്ങി.
തുമ്ബ സെന്റ് സേവ്യേഴ്‌സ് ഗ്രൗണ്ടില്‍ മുംബൈയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 251നെതിരെ കേരളം 244 റണ്‍സിന് ഓള്‍ഔട്ടായി. 65 റണ്‍സെടുത്ത സച്ചിന്‍ ബേബിയാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. അര്‍ധ സെഞ്ച്വറിയുമായി രോഹന്‍ കുന്നുമ്മലും (56) തിളങ്ങി. ഏഴ് വിക്കറ്റ് വീഴ്ത്തിയ മോഹിത് അവസ്തിയാണ് കേരളത്തിന്റെ നട്ടെല്ലൊടിച്ചത്.
രാവിലെ ഒന്നാം ഇന്നിംഗ്‌സ് ബാറ്റിംഗ് തുടങ്ങിയ കേരളത്തിനായി ഓപ്പണിംഗ് സഖ്യം ഭേദപ്പെട്ട തുടക്കം നല്‍കി. സ്‌കോര്‍ബോര്‍ഡ് 46ല്‍ നില്‍ക്കെ കേരളത്തിന് രണ്ട് വിക്കറ്റുകള്‍ വേഗത്തില്‍ നഷ്ടമായി. കൃഷ്ണ പ്രസാദ് 21 റണ്‍സെടുത്തും രോഹന്‍ പ്രേം റണ്‍സെടുക്കാതെയും പുറത്തായി.
മൂന്നാം വിക്കറ്റില്‍ സച്ചിന്‍ ബേബിയും രോഹന്‍ കുന്നുമ്മേലും കേരളത്തിനെ മുന്നോട്ട് നയിച്ചു. എങ്കിലും 56 റണ്‍സെടുത്ത രോഹന്റെ വിക്കറ്റും കേരളത്തിന് നഷ്ടമായി. പിന്നാലെ സഞ്ജു സാംസണ്‍ ക്രീസിലെത്തി. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ സഞ്ജു 38 റണ്‍സെടുത്ത് പുറത്തായി. ഷംസ് മുലാനിയുടെ പന്തില്‍ ദുബെയ്ക്ക് ക്യാച്ച് നല്‍കിയാണ് സഞ്ജു മടങ്ങിയത്.
പിന്നീട് ക്രീസിലെത്തിയ വിഷ്ണു വിനോദ് 29 റണ്‍സെടുത്ത് പുറത്തായി. ശ്രേയസ് ഗോപാലും (12) അതിവേഗം മടങ്ങി. ജലജ് സക്‌സേന (0), ബേസില്‍ തമ്ബി (1), വിശ്വേശര്‍ സുരേഷ് (4) എന്നിവര്‍ നിരാശപ്പെടുത്തി. ഇതിനിടെ സച്ചിന്‍ ബേബിയെ തനുഷ് കോട്ടിയന്‍ വിക്കറ്റിന് മുന്നില്‍ കുരുക്കി. ടീം സ്‌കോര്‍ 233 ലെത്തിച്ചായിരുന്നു സച്ചിന്‍ ബേബിയുടെ മടക്കം.
ആദ്യ ദിനം മുംബൈ 78.4 ഓവറില്‍ 251 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. കേരളത്തിന് വേണ്ടി ശ്രേയസ് ഗോപാല്‍ നാലുവിക്കറ്റ് നേടി തിളങ്ങി. തുമ്ബ സെന്റ് സേവിയേഴ്സ് കോളജ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ തകര്‍ച്ചയോടെയായിരുന്നു മുംബൈയുടെ ബാറ്റിങ് ആരംഭിച്ചത്. സ്‌കോര്‍ബോര്‍ഡില്‍ ഒരു റണ്‍പോലും കൂട്ടിചേര്‍ക്കുന്നതിനു മുമ്ബേ മുംബൈയുടെ രണ്ടു വിക്കറ്റുകള്‍ വീഴ്ത്താന്‍ കേരളത്തിനായിരുന്നു.
ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ ജയ് ബിസ്തയെയും രണ്ടാം പന്തില്‍ നായകന്‍ അജിങ്ക്യ രഹാനെയെയും പുറത്താക്കി ബേസില്‍ തമ്ബി മുംബൈയെ ഞെട്ടിച്ചു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് രഹാനെ ഗോള്‍ഡന്‍ ഡക്കാകുന്നത്. ആന്ധ്രക്കെതിരെയും താരം ആദ്യ പന്തില്‍ തന്നെ പുറത്തായിരുന്നു. പിന്നാലെ 41 പന്തില്‍ 18 റണ്‍സെടുത്ത സുവേദ് പാര്‍ക്കറെ സുരേഷ് വിശ്വേഷര്‍ സഞ്ജുവിന്റെ കൈകളിലെത്തിച്ചു.
തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം തനുഷ് കൊട്ടിയാന്‍ (56), ശിവം ദുബെ (51), ഭൂപെന്‍ ലല്‍വാനി (50) എന്നിവരുടെ അര്‍ധസെഞ്ച്വറി പ്രകടനമാണ് മുംബൈയെ 200 കടത്തിയത്. പ്രസാദ് പവാര്‍ (21), ഷംസ് മുലാനി (8), മൊഹിത് അവസ്തി (16), ധവാല്‍ കുല്‍കര്‍ണി (8) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ഒരു റണ്ണുമായി റോയ്സ്റ്റന്‍ ഡയസ് പുറത്താകാതെ നിന്നു. കേരളത്തിന് വേണ്ടി ബേസില്‍ തമ്ബി, ജലജ് സക്സേന എന്നിവര്‍ രണ്ടു വീതം വിക്കറ്റും എംഡി നിധീഷ്, സുരേഷ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.