കൊല്ലം : ഏഷ്യയിലെ ഏറ്റവും വലിയ സ്കൂൾ കലോത്സവത്തിന് കൊല്ലം ഒരുങ്ങി. 14 വര്‍ഷത്തിന് ശേഷമാണ് സംസ്ഥാനകലോത്സവത്തിന് കൊല്ലം വേദിയാകുന്നത്.പന്ത്രണ്ടായിരത്തോളം മത്സരാര്‍ത്ഥികള്‍ പങ്കെടുക്കും.
ജനുവരി 4 മുതല്‍ 8 വരെ കൊല്ലം ജില്ലയില്‍ 24 വേദികളിലായി നടക്കുന്ന കലാ മാമാങ്കത്തിനുള്ള വേദികൾ ഒരുങ്ങി. ഇതിനൊപ്പം ദിശ എക്‌സിബിഷന്‍, സാംസ്‌കാരിക പരിപാടികള്‍ എന്നിവയും നടത്തും.
കൊല്ലം ആശ്രാമം മൈതാനമാണ് പ്രധാന വേദി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് സ്റ്റേജ് നിർമ്മാണം അന്തിമഘട്ടത്തിലേക്ക് കടക്കുന്നത്. പഴയിടം മോഹനൻ നമ്പൂതിരിയുടെ കൈപ്പുണ്യത്തിലാണ്ഇത്തവണയും സംസ്ഥാന കലോത്സവ ഊട്ടുപുരയിൽ കലാകാരന്മാർക്കായുള്ള ഭക്ഷണം ഒരുങ്ങുന്നത്. ഈ കലോത്സവത്തിനും പൂർണമായും സസ്യാഹാരമാണ് വിളമ്പുന്നത്. കഴിഞ്ഞ തവണ കലോത്സവത്തിന് നോൺ-വെജ് ഭക്ഷണം ഒരുക്കാത്തതിന്‍റെ പേരിൽ വലിയ വിവാദം ഉയർന്നിരുന്നു. മേളയിൽ ഇപ്പോഴും വെജിറ്റേറിയൻ വിളമ്പുന്നതിനെ ചൊല്ലിയുള്ള വിവാദത്തിനിടെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അടുത്ത കലോത്സവം മുതൽ ഭക്ഷണത്തിൽ മത്സ്യവും മാംസവും ഉൾപ്പെടുത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു.
കൊല്ലം ക്രേവൻ സ്കൂളിലാണ് ഊട്ടുപുര സംഘടിപ്പിച്ചിരിക്കുന്നത്.