കാര്യവട്ടത്ത് റൺ മഴ പെയ്യിച്ച് ഇന്ത്യ ; അടിപതറി ഓസ്ട്രേലിയ

തിരുവനന്തപുരം : ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി20യില്‍ ഇന്ത്യയ്ക്ക് വിജയം. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ 236 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തിയപ്പോള്‍ ഓസീസിന്റെ പോരാട്ടം 160 റണ്‍സില്‍ അവസാനിച്ചു.
മൂന്ന് വീതം വിക്കറ്റുകളെടുത്ത രവി ബിഷ്‌ണോയിയും പ്രസിദ്ധ് കൃഷ്ണയുമാണ് ഓസീസിന്റെ നട്ടെല്ലൊടിച്ചത്. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്ബരയില്‍ ഇന്ത്യ 2-0ത്തിന് മുന്നിലെത്തി.

ഇന്ത്യ ഉയര്‍ത്തിയ 236 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശാനിറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് മൂന്നാം ഓവറില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. സ്‌കോര്‍ 35ല്‍ നില്‍ക്കെ ഓപ്പണര്‍ മാത്യു ഷോര്‍ട്ടാണ് ആദ്യം പുറത്തായത്. 19 റണ്‍സെടുത്ത ഷോര്‍ട്ടിനെ ക്ലീന്‍ ബൗള്‍ഡാക്കി രവി ബിഷ്‌ണോയിയാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. തൊട്ടുപിന്നാലെ ജോഷ് ഇംഗ്ലിസിനെ (2) തിലക് വര്‍മ്മയുടെ കൈകളിലെത്തിച്ച്‌ ബിഷ്‌ണോയി ഓസീസിന് രണ്ടാം പ്രഹരമേല്‍പ്പിച്ചു.

ആറാം ഓവറില്‍ സാക്ഷാല്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ (12) വീഴ്ത്തി അക്‌സര്‍ പട്ടേല്‍ കംഗാരുപ്പടയെ ഞെട്ടിച്ചു. ആറാം ഓവറില്‍ സ്‌കോര്‍ 53ല്‍ നില്‍ക്കുമ്ബോഴായിരുന്നു ഓസീസിന്റെ വമ്ബനടിക്കാരനെ പുറത്താക്കിയത്. സ്റ്റീവ് സ്മിത്തും അധികം വൈകാതെ മടങ്ങി. 19 റണ്‍സ് നേടിയ സ്മിത്തിനെ പ്രസിദ്ധ് കൃഷ്ണ ജയ്‌സ്വാളിന്റെ കൈകളിലെത്തിച്ചു. അഞ്ചാം വിക്കറ്റില്‍ ടിം ഡേവിഡും സ്റ്റോയിനിസും ചേര്‍ന്ന് 81 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സ്‌കോര്‍ 150ലെത്തുന്നതിന് മുന്നേ ഇരുവരുടെയും വിക്കറ്റ് വീണത് ഓസീസിനെ പ്രതിരോധത്തിലാക്കി. 22 പന്തില്‍ 37 റണ്‍സെടുത്ത ടിം ഡേവിഡിനെ രവി ബിഷ്ണോയിയും 25 പന്തില്‍ നിന്ന് 45 റണ്‍സെടുത്ത സ്റ്റോയിനിസിനെ മുകേഷ് കുമാറും കൂടാരം കയറ്റി.

സീന്‍ ആബട്ട്, നഥാന്‍ എല്ലിസ്, ആദം സാംപ എന്നിവര്‍ ഓരോ റണ്‍സ് വീതമെടുത്ത് പുറത്തായി. ഇതോടെ ഓസീസ് 9ന് 155 എന്ന നിലയിലേക്കു വീണു. അവസാന വിക്കറ്റില്‍ തന്‍വീര്‍ സംഘയെ കൂട്ടുപിടിച്ച്‌ ക്യാപ്റ്റന്‍ മാത്യു വെയ്ഡ് പോരാട്ടം നടത്തിയെങ്കിലും ഓസീസിനെ ജയത്തിലെത്തിക്കാനായില്ല. 23 പന്തില്‍ 42 റണ്‍സെടുത്ത് മാത്യു വെയ്ഡും രണ്ട് റണ്‍സെടുത്ത് തന്‍വീര്‍ സംഘയും പുറത്താവാതെ നിന്നു.

കാര്യവട്ടത്ത് ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സെടുത്തു. അര്‍ധ സെഞ്ച്വറി നേടിയ യശസ്വി ജയ്‌സ്‌വാളിന്റെയും റുതുരാജ് ഗെയ്ക്‌വാദിന്റെയും ഇഷാന്‍ കിഷന്റെയും തകര്‍പ്പന്‍ ഇന്നിങ്‌സാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഓപ്പണര്‍ യശസ്വി ജയ്‌സ്‌വാള്‍ തുടങ്ങിവെച്ച വെടിക്കെട്ട് പിന്നീടെത്തിയ മിക്ക ബാറ്റര്‍മാരും ഏറ്റെടുക്കുകയായിരുന്നു. പവര്‍പ്ലേയില്‍ തന്നെ അര്‍ധ സെഞ്ച്വറിയില്‍ എത്താന്‍ ജയ്‌സ്‌വാളിന് കഴിഞ്ഞു. 25 പന്തില്‍ നിന്ന് 53 റണ്‍സെടുത്ത ജയ്‌സ്‌വാള്‍ ആറാം ഓവറില്‍ ആദം സാംപയ്ക്ക് ക്യാച്ച്‌ നല്‍കിയാണ് പുറത്തായത്. ഇന്ത്യന്‍ സ്‌കോര്‍ 77 ലെത്തിച്ചായിരുന്നു ജയ്‌സ്‌വാളിന്റെ മടക്കം.

വണ്‍ ഡൗണായി എത്തിയ ഇഷാന്‍ കിഷനും തകര്‍ത്തടിച്ചു. മൂന്നാം വിക്കറ്റില്‍ ഓപ്പണര്‍ റുതുരാജ് ഗെയ്ക്‌വാദിനൊപ്പം 87 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ ഇഷാന് കഴിഞ്ഞു. 16-ാം ഓവറില്‍ നഥാന്‍ എല്ലിസിനെ ഓഫ്‌സൈഡിലൂടെ സിക്‌സറടിക്കാനുള്ള ശ്രമത്തില്‍ ഇഷാന്‍ കിഷന് മടങ്ങേണ്ടി വന്നു. 32 പന്തില്‍ 52 റണ്‍സായിരുന്നു ഇഷാന്റെ സമ്ബാദ്യം. കഴിഞ്ഞ മത്സരത്തിലെ ടോപ് സ്‌കോററായ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് വേഗം മടങ്ങി. 10 പന്തില്‍ 19 റണ്‍സ് നേടിയ സൂര്യയെ എല്ലിസ് സ്റ്റോയിനിസിന്റെ കൈകളിലെത്തിച്ചു.

പകരമിറങ്ങിയ റിങ്കു സിങ് ഗെയ്ക്‌വാദിനെ കൂട്ടുപിടിച്ച്‌ ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചു. അവസാന ഓവറിലാണ് റുതുരാജ് ഗെയ്ക്‌വാദ് പുറത്താകുന്നത്. 43 പന്തില്‍ 58 റണ്‍സ് നേടിയ ഗെയ്ക്‌വാദാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. അവസാന ഓവറുകളില്‍ റിങ്കു സിങ് തകര്‍ത്തടിച്ചതോടെ സ്കോര്‍ ഉയര്‍ന്നു. വെറും ഒമ്ബത് പന്തുകള്‍ നേരിട്ട റിങ്കു നാല് ഫോറും രണ്ട് സിക്സുമടക്കം 31 റണ്‍സുമായി പുറത്താകാതെ നിന്നു. അവസാനക്കാരനായി ക്രീസിലെത്തിയ തിലക് വര്‍മ രണ്ട് പന്തില്‍ നിന്ന് ഏഴ് റണ്‍സെടുത്തു.