കൊച്ചി: മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള പണമൊഴുക്ക് ഗണ്യമായി ഉയര്‍ന്നതോടെ രാജ്യത്തെ ബാങ്കുകളില്‍ സ്ഥിരനിക്ഷേപങ്ങള്‍ കുത്തനെ ഇടിയുന്നു.
തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ നിക്ഷേപം ഒഴുകിയെത്തുന്ന മേഖലയായി മ്യൂച്വല്‍ ഫണ്ടുകള്‍ മാറുന്നത്.
വര്‍ഷങ്ങളായി രാജ്യത്തെ ഏറ്റവും ആകര്‍ഷണീയതയുള്ള നിക്ഷേപമായി കണക്കിലെടുത്തിരുന്നത് ബാങ്കുകളിലെ ഫിക്സഡ് ഡെപ്പോസിറ്റുകളെയാണ്. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ഓഹരി വിപണി വന്‍ കുതിപ്പ് കാഴ്ചവെച്ചതോടെ നിക്ഷേപകര്‍ വലിയ തോതില്‍ ഫണ്ട് മ്യൂച്വല്‍ ഫണ്ടുകളിലേക്ക് മാറ്റുകയാണ്. ആഭ്യന്തര നിക്ഷേപകര്‍ സിസ്റ്റമാറ്റിക് നിക്ഷേപ പദ്ധതികളിലൂടെ(എസ്ഐപി) ഓരോ മാസവും വിപണിയിലെത്തിക്കുന്ന പണത്തിലും അഭൂതപൂര്‍വമായ വളര്‍ച്ചയാണ് ദൃശ്യമാകുന്നത്. സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഒഫ് ഇന്ത്യയുടെ (സെബി) കണക്കുകളനുസരിച്ച് രാജ്യത്തെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപകരുടെ എണ്ണം ഒക്റ്റോബറില്‍ നാല് കോടിക്ക് മുകളിലാണ്. രണ്ടു വര്‍ഷത്തിനിടെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിനായി ഒരു കോടിയിലധികം പേരാണ് അക്കൗണ്ടുകള്‍ തുറന്നത്.
രാജ്യത്ത് വരുമാന നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുന്നവരില്‍ 57 ശതമാനം പേരും മ്യൂച്വല്‍ ഫണ്ട് നിക്ഷേപം നടത്തിയിട്ടുള്ളവരാണ്. പ്രതിമാസം ചെറിയ തുക ഓഹരി വിപണിയിലെ നിക്ഷേപത്തിനായി മാറ്റിവെക്കുന്ന സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാനുകളിലൂടെ (എസ്ഐപി) കഴിഞ്ഞ മാസം മാത്രം 18,000 കോടി രൂപയാണ് വിപണിയിലെത്തിച്ചത്. ചരിത്രത്തിലേക്കും ഏറ്റവും ഉയര്‍ന്ന തുകയാണിത്. പ്രതിവര്‍ഷം ഒന്നര ലക്ഷം കോടി രൂപയിലധികമാണ് എസ്ഐപികളിലൂടെ ഇന്ത്യന്‍ ഓഹരി വിപണിയിലെത്തുന്നത്.
മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിച്ചവര്‍ക്ക് റെക്കോഡ് വരുമാനം ലഭിക്കുന്നതിനാല്‍ ഓരോ മാസവും കൂടുതല്‍ പേര് നിക്ഷേപ താത്പര്യവുമായി രംഗത്തെത്തുന്നുമുണ്ട്. ഇക്കാലയളവില്‍ രാജ്യത്തെ പ്രമുഖ മ്യൂച്വല്‍ ഫണ്ടുകളും നിക്ഷേപകര്‍ക്ക് 20 ശതമാനം മുതല്‍ 40 ശതമാനം വരെ വരുമാന വര്‍ധന നല്‍കിയെന്ന് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഒഫ് ഇന്ത്യയുടെ (സെബി) കണക്കുകള്‍ വ്യക്തമാക്കുന്നു. കൊവിഡ് രോഗവ്യാപനത്തിനു ശേഷം ബോംബെ ഓഹരി സൂചികയിലും (ബിഎസ്ഇ) ദേശീയ ഓഹരി സൂചികയിലും (എന്‍എസ്ഇ) ചരിത്ര മുന്നേറ്റമാണ് ദൃശ്യമായത്.
മുന്‍നിര, ഇടത്തരം, മൈക്രോ, ഫ്ളെക്സി, ഐടി, ബാങ്കിങ്, പൊതുമേഖലാ തുടങ്ങിയ മേഖലകള്‍ കേന്ദ്രീകരിച്ച് നിക്ഷേപം നടത്തിയ ഫണ്ടുകളെല്ലാം ഉപയോക്താക്കള്‍ക്ക് പ്രതീക്ഷിച്ചതിലും മികച്ച വരുമാനം ഉറപ്പുനല്‍കിയെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. രാജ്യത്തെ മുന്‍നിര ഫണ്ടുകളുടെ 50 ശതമാനത്തിലധികം മ്യൂച്വല്‍ ഫണ്ട് ഉത്പന്നങ്ങളും നിക്ഷേപകര്‍ക്ക് മൂന്ന് വര്‍ഷക്കാലയളവില്‍ 20 ശതമാനത്തിലധികം വരുമാനമാണ് ലഭ്യമാക്കിയത്.
രാജ്യത്തെ മുന്‍നിര ടെക്ക് കമ്ബനിയായ ബാങ്ക് ബസാര്‍ നടത്തിയ സര്‍വെയില്‍ സ്ത്രീകളുടെയും പുരുഷന്മാരുടെയും സമ്ബാദ്യ ശീലത്തില്‍ ഘടനാപരമായ മാറ്റങ്ങളാണുള്ളതെന്ന് വ്യക്തമാക്കുന്നു.