തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഛത്തീസ്ഗഡിലും തെലങ്കാനയിലും പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള താര പ്രചാരകരെ രംഗത്തിറക്കി ബിജെപി.
തെലങ്കാനയിലെ കൊട്ടിക്കലാശ ദിനത്തിലെ റോഡ് ഷോയില്‍ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള ബിജെപി ദേശീയ നേതാക്കള്‍ പങ്കെടുക്കും.
ഛത്തീസ്ഗഡിലെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ കോണ്‍ഗ്രസിനെതിരായ ആക്രമണം പ്രധാനമന്ത്രി തുടരുകയാണ്. കോണ്‍ഗ്രസിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മഹാദേവ് ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ് ഭൂപേഷ് ബാഗല്‍ സര്‍ക്കാരിന് എതിരെ പ്രധാന മന്ത്രി ഉന്നയിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന് എതിരായ ജനവികാരം ആളികത്തിക്കുന്നതില്‍ സംസ്ഥാന നേതൃത്വം വിജയം കാണാതെ വന്നതോടെ ആണ് പ്രധാന മന്ത്രി ഉള്‍പ്പടെയുള്ള താര പ്രചാരകരെ ബിജെപി രംഗത്ത് ഇറക്കിയത്.
തെലങ്കാനയിലെ നേതൃത്വത്തിനുള്ളിലുള്ള അസ്വാരസ്യങ്ങള്‍ പൂര്‍ണമായി പരിഹരിക്കാൻ ബിജെപിക്ക് ഇനിയും കഴിഞ്ഞിട്ടില്ല. കോണ്‍ഗ്രസ് ശക്തി പ്രാപിക്കുന്നെന്ന സര്‍വേ ഫലങ്ങള്‍ ബിജെപി കേന്ദ്ര നേതൃത്വം ഗൗരവത്തോടെയാണ് കാണുന്നത്. ഈ മാസം അവസാനം വോട്ടെടുത്ത് നടക്കുന്ന തെലുങ്കാനയില്‍ 25 മുതല്‍ 27 വരെ നടക്കുന്ന പൊതു റാലികളില്‍ പ്രധാനമന്ത്രി പങ്കെടുക്കും. കരിംനഗറിലും നിര്‍മ്മലിലും പൊതു യോഗങ്ങളില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി നവംബര്‍ 27ന് കൊട്ടിക്കലാശാദിനത്തില്‍ നടക്കുന്ന റോഡ് ഷോയിലും പങ്കെടുക്കും. പ്രധാന മന്ത്രിക്ക് പുറമെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ എന്നിവരും സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തും. സംസ്ഥാന നേതൃത്വത്തെ മറികടന്ന് നേരിട്ട് പ്രചരണ ചുമതല ഏറ്റെടുക്കുകയാണ് ബിജെപി കേന്ദ്ര നേതൃത്വം.